‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നത്...’; മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്ത് അൻസിബയുടെ പോസ്റ്റ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നീതി തേടി ഏതറ്റം വരെ പോകാനും തയാറാണെന്ന് നടി അൻസിബ ഹസ്സൻ.

മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ടാഗ് ചെയ്താണ് സമൂഹമാധ്യമങ്ങളിൽ നടി അൻസിബയുടെ പോസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം. എങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടിവരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ തയാറാണ്. യൂട്യൂബ് ചാനലിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീയെ അപമാനിക്കാവുന്നതിന്‍റെ പരമാവധിയില്‍ എത്തിച്ച് അസത്യ പ്രചാരണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിഷയം കേവലം ഒരു മാനനഷ്ടക്കേസ് മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്! അതിനൊപ്പം, അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്‍റെ ജോലിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അൻസിബയുടെ കുറിപ്പിൽ പറയുന്നു.

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പരാതി മാനനഷ്ട കേസ് ആണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്നുമാണ് സർക്കാർ കോടതിയിൽ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

എന്നെ യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്‍റെ പരമാവധിയില്‍ എത്തിച്ച് അസത്യ പ്രചാരണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ ഞാന്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയം കേവലം ഒരു മാനനഷ്ടക്കേസ് മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്! അതിനൊപ്പം, അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്‍റെ ജോലിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം. എങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടിവരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്. പ്രതികളുടെ നിലവിലെ പ്രവര്‍ത്തി എന്‍റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാന്‍ നിയമപരമായി പരാതി നല്‍കിയത്. ഇനി അധികാരികള്‍ കാണുന്ന സ്ത്രീകള്‍ക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കില്‍ ഞാന്‍ നല്‍കിയ പരാതിയുടെ പേരില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

പക്ഷേ ഈ വിഷയത്തില്‍ നീതി തേടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. കാരണം നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്‍റെ അന്തസ്സിനെയാണ്, എന്‍റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവള്‍ക്ക് മാത്രമേ മനസിലാകൂ. നിങ്ങള്‍ക്ക് അത് മനസിലാകില്ല. കാരണം ആ വേട്ടക്കാര്‍ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങള്‍ സുരക്ഷിതരാണല്ലോ.

ഒന്നോര്‍ക്കുക, ഹില്‍ പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ നിങ്ങള്‍ക്ക് ജനമധ്യത്തില്‍ നാണം കെട്ട് നീതി നടപ്പിലാക്കേണ്ടിവന്നു. ഈ കേസിലും അതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഈ വിഷയത്തില്‍ ഭരണകൂടത്തിന്‍റെ സകല ശക്തിയും നിങ്ങള്‍ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും അതിനെയെല്ലാം അതിജീവിച്ച് എന്‍റെ സ്ത്രീത്വവും നീതിയും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുക തന്നെ ചെയ്യും. തീര്‍ച്ച.

Tags:    
News Summary - Ansiba Hassan's post tagged the Chief Minister and the Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.