കള്ളാടി - ആനക്കാംപൊയിൽ തുരങ്കപ്തി ശാശ്വതമായി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വയനാട്ടിലെ പരിസ്ഥിതി- സാമൂഹ്യ- മനുഷ്യാവകാശ പ്രവർത്തർ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ സത്യാഗ്രഹം വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻ്റ് എൻ. ബാദുഷ ഉദ്ഘാടനം ചെയ്യുന്നു.
കൽപറ്റ: വയനാട് കള്ളാടിതുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പരിസ്ഥിതി-സാസ്കാരിക-മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ സിവിൽ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. ഉത്തരവാദിയായ കരാർ കമ്പനിക്കെതിരെ കേസ്സെടുക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുക , മതിയായ വിദഗ്ദ പഠനം നടത്താതെയും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്ന് തെറ്റായ വിവരം നൽകി തെറ്റിധരിപ്പിച്ചും പരിസ്ഥിതി അംഗീകാരം കരസ്ഥമാക്കിയ മുൻസർക്കാറിൻ്റെ ചെയ്തികൾ സമഗ്രമായ അന്വേഷിക്കുക, തുരങ്കപദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സത്യാഗ്രഹം. പരിപാടി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ. ബാദുഷ ഉദ്ഘാടനം ചെയ്ത പരിപാടി പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡൻ്റ് വർഗ്ഗീസ് വട്ടേക്കാട്ടിൽ അധ‍്യക്ഷത വഹിച്ചു.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർച്ചയായി സംഭവിക്കുന്ന അതീവ ദുർബലമായ പ്രദേശത്താണ് തുരങ്കം നിർമിക്കുന്നത്. സമീപവർഷങ്ങളിൽ മൂന്ന് ഉരുൾ പൊട്ടൽ തുരങ്കപാതയുടെ സമീപം ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് കർക്കശമായ 20 ഉപാധികൾ നിർദ്ദേശിച്ചാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി തുരങ്ക നിർമാണത്തിന് അനുമതി നൽകിയത്. മുന്‍ സംസ്ഥാന സർക്കാർ സമിതിയെയും കേന്ദ്ര- വനം പരിസ്തി മന്ത്രാലയത്തെയും തെറ്റിദ്ധരിപ്പിച്ച് തെറ്റായ വിവരങ്ങൾ നൽകുകയാണുണ്ടായത്. ഇങ്ങനെ നേടിയ പരിസ്തി അനുമതിയെക്കറിച്ചും തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും എൽ.ഡി.എഫ് സർക്കാറിന്‍റെ ഗൂഢാലോചനയെക്കറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് സത്യാഗ്രഹത്തിൽ പങ്കെടുത്തവർ ആവശ‍്യപ്പെട്ടു. പല സംസ്ഥാനത്തും കരിമ്പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട കമ്പനിക്ക് കരാർ നൽകിയതിനെക്കുറിച്ചും അന്വേഷണം നടത്തണം.വനം - പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതിയിൽ നിർദേശിച്ച 60 മാർഗ്ഗനിർദ്ദേശങ്ങളിൽ ഒന്നുംപാലും സർക്കാറോ കമ്പനിയോ പാലിച്ചിട്ടില്ല. തുരങ്കനിർമിതിയിൽ പാറപൊളിക്കുന്നതിനായി സ്ഫോടനം നടത്തരുതെന്ന് വിലക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത് പാറ പൊട്ടിക്കാനുളള സ്ഫോടനത്തിന്‍റെ ബട്ടണമർത്തിക്കൊണ്ടാണ്. ഇത്തരം നിയമലംഘനത്തിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിക്കുകയായിരുന്നു.
വയനാട് പ്രകൃതിസംരക്ഷണ സമിതി നൽകിയ പരാതി സംസ്ഥാനപരിസ്ഥിതി ആഘാത സമിതിയും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയവും തള്ളിക്കളഞ്ഞത് സംസ്ഥാന സർക്കാറിന്‍റെയും കരാർ കമ്പനിയുടെയും സമ്മർദ്ദത്തെ തുടർന്നാണെന്നും സത്യാഗ്രഹത്തിൽ ആരോപിച്ചു. ഹൈകോടതിയിലും സുപ്രീം കോടതിയിലും നൽകിയ ഹരജികൾ തള്ളിയതിലും ദുരൂഹതയുണ്ട്. കേരളത്തിന്‍റെ ലൈഫ് ലൈനാണ് തുരങ്കമെന്ന് ഉദ്‌ഘോഷിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സ് അപ്പീൽ തളളിക്കളഞ്ഞിരുന്നു.
അതേ സമയം ഈ അപകടം പ്രകൃതിയുടെ ചെറിയ സൂചനയും താക്കീതുമാണെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. ടണലിന്‍റെ പ്രവർത്തി തുടർന്നാൽ ഭയനകമായ ദുരന്തങ്ങൾ ഇനിയുമുണ്ടാകും. വയനാട്ടിലെ ചുരം റോഡുകളിൽ നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന്ന് ഈ തുരങ്കം പരിഹാരമല്ല. വയനാടിന്‍റെ പരിസ്തിയെയും പശ്ചിമഘട്ടത്തിന്‍റെ സുസ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്ന തുരങ്കപദ്ധതി ശാശ്വതമായി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സത്യാഗ്രഹസമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. സാം പി.മാത്യൂ സ്വാഗതവും ബാബു മൈലമ്പാടി നന്ദിയും പറഞ്ഞു. തോമസ് അമ്പലവയൽ, ഡോ. പി.ജി.ഹരി , അഡ്വ: സുനിൽ ജോസഫ് , പി.കെ. ഭഗത്ത് , എം ഗംഗാധരൻ , എം.കെ. ഷിബു , ടി.ശിവരാജ് ,ബി.ജി.. ലാലിച്ചൻ , അബു പൂക്കോട് , പി.ജി.ലത , എം. ബാബുരാജ് , സണ്ണി മരക്കടവ് , സണ്ണി പടിഞ്ഞാറത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.