കൂടൽ പൊലീസ് സ്റ്റേഷൻ
പത്തനംതിട്ട: 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന വ്യാജ പരാതി കേസിൽ എസ്.ഐയെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ്. പത്തനംതിട്ട കൂടൽ സ്റ്റേഷനിലെ എസ്.ഐ ജയ്മോനെയാണ് സ്ഥലംമാറ്റിയത്. വ്യാജ പരാതിയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന പരാതിയിലാണ് നടപടി.
പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവ് എസ്.ഐക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയിരുന്നു. ജൂലൈ മൂന്നാം തീയതി രാത്രി എട്ട് മണിയോടെ സിവിൽ വേഷത്തിലെത്തിയ കൂടൽ എസ്.ഐയും സംഘവും വാടകവീട്ടിൽ അതിക്രമിച്ചു കയറി ബലപ്രയോഗത്തിലൂടെ തങ്ങളെ കാറിൽ കയറ്റി കൊണ്ടുപോയി. പൊലീസ് യൂനിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയായിരുന്നു ഈ അതിക്രമം.
സ്റ്റേഷനിലെത്തിച്ച ശേഷം, തനിക്ക് യാതൊരു അറിവുമില്ലാത്ത സംഭവത്തെക്കുറിച്ച് ക്രൂരമായ ചോദ്യം ചെയ്യലും മർദനവുമാണ് നേരിടേണ്ടി വന്നതെന്ന് യുവാവ് പരാതിയിൽ വ്യക്തമാക്കുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യ നിയന്ത്രണങ്ങളോടെ കഴിയുകയാണെന്നും യുവാവ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തുവെന്നും അവരോട് പൊലീസ് മോശയി പെരുമാറിയെന്നും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെ കേസിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തി. കസ്റ്റഡിയിലെടുത്ത ആറു പേരെ വിട്ടയക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്നായിരുന്നു ഇത്.
വൈദ്യ പരിശോധനാ ഫലം ലഭിച്ചശേഷം പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റി. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
അതേസമയം, വ്യാജ പീഡന പരാതിയില്‍ കസ്റ്റഡിയിലെടുത്ത 20 കാരന് മർദനമേറ്റ സംഭവത്തില്‍ എസ്.ഐക്ക് വീഴ്ചയുണ്ടായെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. യുവാവിനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. എന്നാല്‍, ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതും മർദിച്ചതും കുറ്റകൃത്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.