ദിയ ബിനു പുളിക്കകണ്ടം
പാലാ: യു.ഡി.എഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവിശ്വാസ പ്രമേയവുമായി എൽ.ഡി.എഫ്. കോട്ടയം തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് എം, സി.പി.എം കൗൺസിലർമാർ നോട്ടീസിൽ ഒപ്പിട്ടു.
കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പിൻവലിക്കുന്നതായി പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ നിർണായക നീക്കം. ഭരണത്തിലേറാനല്ലെന്നും രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതെന്നും ബിജു പാലൂപ്പടവൻ പറഞ്ഞു. യു.ഡി.എഫിൽ പ്രതിസന്ധിയാണ്. നഗരസഭാ ഭരണം നടക്കുന്നില്ല. ചെറുപ്പക്കാരിയായ ഒരു അധ്യക്ഷ വന്നപ്പോൾ ഭരണത്തിന് പ്രതിപക്ഷം പിന്തുണ നൽകി. അവിശ്വാസം നൽകിയത് പ്രതിപക്ഷത്തിന് ഭരണം പിടിക്കാനല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അവിശ്വാസം പാസാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഭരണപക്ഷത്ത് ഭിന്നിച്ചുനിൽക്കുന്നവർ ആരെങ്കിലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരേ ഏതാനും ഭരണപക്ഷ അംഗങ്ങൾ നേരത്തെ രംഗത്തു വന്നിരുന്നു. ചെയർപേഴ്സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർമാർ യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകി. പിന്നീട് അനുനയ ചർച്ചയിൽ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചിരുന്നു.
ഭരണപക്ഷത്ത് പ്രതിസന്ധി വീണ്ടും ഉടലെടുത്തതോടെയാണ് എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പുളിക്കക്കണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യു.ഡി.എഫ് ഭരിക്കുന്നത്. നിലവിൽ 14 പേരാണ് യു.ഡി.എഫ് ഭാഗത്തുള്ളത്. 12 പേരാണ് എൽ.ഡി.എഫിന്റെ ഭാഗത്തുള്ളത്. ക്വാറം തികയാൻ 14 പേരുടെ പിന്തുണ വേണം.
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയാണ് ദിയ. നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് പുളിക്കക്കണ്ടം കുടുംബത്തിന്‍റെ പിന്തുണ നിർണായകമായത്. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷയാക്കാമെന്ന ഉറപ്പിലാണ് പുളിക്കകണ്ടം കുടുംബം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.