ചോദ്യംചെയ്യലിന് പോകില്ല; നിലപാട് കടുപ്പിച്ച് പി.എസ്.സി, വരില്ലെന്ന് ക്രൈംബ്രാഞ്ചും
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്നാവർത്തിച്ച് പി.എസ്.സി അധികൃതർ. ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗമാണ് ഈ തീരുമാനമെടുത്തത്.
പി.എസ്.സി അംഗങ്ങളെ കുറ്റക്കാരാക്കാനും പൊതുജനമധ്യത്തിൽ മോശക്കാരാണെന്ന് ചിത്രീകരിക്കാനുമുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരിൽ നടക്കുന്നതെന്ന് കമീഷൻ യോഗത്തിൽ വിമർശനം ഉയർന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ പി.എസ്.സിക്ക് സ്വതന്ത്രമായ ചില അധികാരങ്ങളുണ്ട്. ആ സാഹചര്യത്തിൽ സർക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജൻസി നോട്ടീസ് നൽകി അവരുടെ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കേണ്ടെന്ന പൊതുനിലപാടാണ് യോഗത്തിലുണ്ടായത്. തുടർന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
എന്നാൽ, കമീഷൻ ആവശ്യം അംഗീകരിച്ച് പി.എസ്.സി ആസ്ഥാനത്ത് പോയി ചോദ്യം ചെയ്യില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം പി.എസ്.സിക്ക് വീണ്ടും കത്ത് നൽകുമെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ള ആരെയും നോട്ടീസ് നൽകി വിളിപ്പിക്കാൻ അധികാരമുണ്ടെന്നും അവർ അവകാശപ്പെടുന്നു.
ചൊവ്വാഴ്ച മുതൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് എസ്.പി പി.എസ്.സി അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. ഇതുവരെ നാലുപേർക്കാണ് നോട്ടീസ് ലഭിച്ചത്. ചോദ്യം ചെയ്യലിൽ പി.എസ്.സിയും ക്രൈംബ്രാഞ്ചും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് വിഷയത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിന്റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് ഈ തർക്കം. ക്രമക്കേടിൽ പി.എസ്.സിയിലെ ഉന്നതർക്കും പങ്കുണ്ടെന്ന നിലയിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. അംഗങ്ങൾ ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ തുടർനടപടി എന്താണെന്ന് ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.