നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച ശേഷം വിമാനത്താവള മതിൽ തകർത്തു; ഡ്രൈവർ മദ്യലഹരിയിൽ
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ ഇരുചക്ര വാഹന യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം വിമാനത്താവളത്തിന്റെ മതിൽ ഇടിച്ചു തകർത്തു. മദ്യലഹരിയിൽ കാർ ഓടിച്ച ബാലരാമപുരം സ്വദേശി മനുവിനെ (35) വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.
കാറിൽ ഉണ്ടായിരുന്ന രണ്ടു വനിതകൾക്കും പരുക്കേറ്റിട്ടുണ്ട്. ഞായർ വൈകീട്ട് അഞ്ചു മണിയോടെ ഓൾ സെയിന്റസ് ശംഖുമുഖം റോഡിൽ മുസ്‌ലിം പള്ളിക്ക് സമീപമായിരുന്നു കാർ ആദ്യം ബൈക്കിലിടിച്ചത്, തുടർന്നു കാർ വിമാനത്താവളത്തിലെ എയർഫോഴ്സ് സ്റ്റേഷന് സമീപത്തെ ടെക്നിക്കൽ ഏരിയയുടെ വളവിലെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു.
തമിഴ്നാട് രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മതിലും കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്. വിമാനത്താവളത്തിലെ എയർഫോഴ്സ് സ്റ്റേഷന് സമീപത്തെ മതിലാണ് തകർന്നത്. റോഡിൽ നിന്ന് നിശ്ചിത ദൂരം മാറിയാണ് മതിൽ. കാർ അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പരുക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരിയെയും കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശികളായ മെറിൻ, കവിത എന്നിവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിയന്ത്രണംവിട്ട് 12 അടിയോളം ഉയരമുള്ള ചുറ്റുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് വലിയതുറ എസ്.എച്ച്.ഒ ഡി.ഒ. ദിനേശ് പറഞ്ഞു. അതുവഴി പോയവരും വലിയതുറ പൊലീസും ഏറെ പരിശ്രമിച്ചാണു കാറിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. ഇതിനു മുമ്പും ഇതേ സ്ഥലത്തുണ്ടായ മൂന്ന് അപകടങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.