കോഴിക്കോട്: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരണപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന ആവശ്യമുന്നയിച്ച് ദലിത് ബഹുജൻ സംഘടനകൾ ചൊവ്വാഴ്ച നടത്തുന്ന ഹർത്താലിന് എസ്.ഐ.ഒ കേരള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് കേരള പൊലീസിന്റെ ഉദാസീന നിലപാടാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സഹൽ ബാസ്, സെക്രട്ടറിമാരായ നവാഫ് പാറക്കടവ്, മിസ്ഹബ് ശിബിൽ, ശഫാഖ് കക്കോടി, അർഫദ് അലി എന്നിവർ സംബന്ധിച്ചു.
അതിനിടെ, ചൊവ്വാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. ഇത്തരം ഹർത്താലുകൾ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും വ്യാപാര മേഖലയെയും ഗുരുതരമായി ബാധിക്കും. നിധിൻ രാജിന്റെ മരണത്തിൽ സംഘടനയുടെ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു. ഈ വിഷയത്തിൽ സമാധാനപരമായും നിയമപരമായും പരിഹാരം കണ്ടെത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സി.കെ. സിബിയും ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാർ വാഹനങ്ങൾ തടയുന്നുണ്ട്. തമ്പാനൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ അടൂരിലും കണ്ണൂരിലെ പഴയങ്ങാടിയിലും ബസുകൾ തടയുന്നതായി റിപ്പോർട്ടുകളുണ്ട്. മറ്റ് ജില്ലകളിൽ പൊലീസ് ജാഗ്രത തുടരുകയാണ്. നിർബന്ധിതമായി കടകൾ അടപ്പിക്കില്ലെന്ന് നിതിൻ രാജ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും കടകൾ തുറക്കുമെന്ന് അറിയിച്ചു.
സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി. 52 ഓളം ദലിത്-ആദിവാസി സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന ഈ ഹർത്താലിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.