പാലാ സി.പി.എമ്മിൽ അമർഷം; ആഹ്ലാദം അടക്കിപ്പിടിച്ച് കേരള കോൺഗ്രസ്

കോട്ടയം: പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി അധ്യക്ഷ പദവിയിലെത്തിയെങ്കിലും സി.പി.എം പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തിയിൽ. 75 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സി.പി.എം പ്രതിനിധി ചെയർമാൻ സ്ഥാനമേറ്റെടുത്തിട്ടും ആഹ്ലാദിക്കാതെ, മൗനത്തിലാണ് പാലായിലെ പാർട്ടി നേതൃത്വം. ജോസ് കെ. മാണിക്ക് വഴങ്ങി സി.പി.എം പാർലമെന്‍ററി പാർട്ടി ലീഡറായിരുന്ന ബിനു പുളിക്കക്കണ്ടത്തിന് ചെയർമാൻ സ്ഥാനം നിഷേധിച്ചതാണ് പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും അമർഷത്തിലാഴ്ത്തിയത്. ജോസ് കെ. മാണിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി ബിനു പുളിക്കക്കണ്ടം രംത്തെത്തിയത് ഇവരുടെ പിന്തുണയോടെയെന്നാണ് സൂചന.

സ്വതന്ത്രർ അടക്കമുള്ള പാർട്ടി കൗൺസിലർമാരും പാലാ ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ലോക്കൽ കമ്മിറ്റിയും ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ ജോസ് കെ. മാണിയെ പിണക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം ഒടുവിൽ ഇവർ അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിനു പുളിക്കക്കണ്ടം യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന മാണി സി. കാപ്പനെ സഹായിച്ചെന്ന ജോസ് കെ. മാണിയുടെ പരാതിയും സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തു. ഇതിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ നേതൃത്വം, ബിനു ചെയർമാനായി എത്തുന്നത് കേരള കോൺഗ്രസുമായുള്ള ഭിന്നതക്ക് വഴിതുറക്കുമെന്നും കണക്കുകൂട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് കൗൺസിലറെ നഗരസഭ യോഗത്തിനിടെ ബിനു മർദിച്ചതും വലിയ ചർച്ചയായിരുന്നു. ഇതാണ് ബിനുവിനെതിരെ പ്രധാനമായും കേരള കോൺഗ്രസ് ഉയർത്തിയത്.

കെ.എസ്.യുവിൽനിന്ന് കോൺഗ്രസിലെത്തിയ ബിനു, പിന്നീട് ഡി.ഐ.സിയിലേക്ക് കളംമാറ്റി. ഇവിടെനിന്ന് ബി.ജെ.പിയിലെത്തിയ അദ്ദേഹം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി.പി.എമ്മിലെത്തിയത്. കൃത്യമായ രാഷ്ട്രീയ നിലപാടില്ലാത്തതിനൊപ്പം പാർട്ടി പ്രവർത്തകന് ചേരാത്ത തരത്തിലുള്ള പ്രവർത്തനങ്ങളെന്ന പരാതികളും ഉയർന്നിരുന്നു. ഇതും ബിനുവിനുവേണ്ടി കടുംപിടിത്തം വേണ്ടെന്ന തീരുമാനത്തിലെത്താൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചതായാണ് സൂചന. ജോസ് കെ. മാണിയെ എൽ.ഡി.എഫിലേക്ക് എത്തിക്കാൻ ഇടപെടൽ നടത്തിയ മന്ത്രി വി.എൻ. വാസവൻ അവസാനഘട്ടത്തിൽ മുന്നണി താൽപര്യം സംരക്ഷിക്കണമെന്ന നിലപാടിലേക്ക് എത്തിയതും നിർണായകമായി.

പാലാ നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ സി.പി.എം തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ കോട്ടയം ജില്ല സെക്രട്ടറി എ.വി. റസലിനും ഇത് തിരിച്ചടിയായി. സി.പി.ഐ നേതൃത്വവും സി.പി.എം തീരുമാനത്തിൽ നിരാശയിലാണ്. ജോസ് കെ. മാണിയുടെ സമ്മർദങ്ങൾ ശക്തിപ്പെടാൻ ഇത്തരം തീരുമാനങ്ങൾ വഴിവെക്കുമെന്നാണ് ഇവർ പറയുന്നത്. അതേസമയം, ചെയർമാൻ തെരഞ്ഞെടുപ്പ് കേരള കോൺഗ്രസിന് രാഷ്ട്രീയനേട്ടമായി. എന്നാൽ, ഇതിൽ അമിത ആഹ്ലാദം പ്രകടിപ്പിക്കാതെ തന്ത്രപരമായ മൗനം പാലിക്കുകയാണ് ഇവർ.

Tags:    
News Summary - Anger at Pala CPM; Kerala Congress holds back its joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.