മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടിവച്ചു; ആന കാട്ടിലേക്ക് നീങ്ങി, മയങ്ങിയ ശേഷം പരിശോധന

അതിരപ്പിളളി: വാഴച്ചാൽ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ആന സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം മയക്കുവെടിവെച്ചത്. മയക്കുവെടിയേറ്റ ആന കാട്ടിനുള്ളിലേക്ക് നീങ്ങി. മയങ്ങിയ ശേഷം ആനയെ വിശദമായി പരിശോധിച്ച് ചികിത്സ ആരംഭിക്കും.

ഇന്ന് രാവിലെയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം മയക്കുവെടി വച്ച് ആനയെ പിടികൂടാൻ പുറപ്പെട്ടത്. പുഴയോട് ചേർന്ന സ്ഥലത്താണ് ആന നിലയുറപ്പിച്ചിരുന്നത്. തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അതിന് ശേഷമാണ് മയക്കുവെടിവച്ചത്.

ഇതിന് പിന്നാലെ റബർ തോട്ടത്തോട് ചേർന്ന റിസർവ് വനത്തിലേക്ക് ആന ഓടി കയറി. ആന മയങ്ങാനായി ദൗത്യസംഘം കാത്തിരിക്കുകയാണ്. അര മണിക്കൂറിനുള്ളിൽ മയങ്ങുന്ന ആനയുടെ അടുത്തെത്തി മുറിവിന്‍റെ ആഴവും പഴുപ്പും പരിശോധിച്ച് ചികിത്സ തീരുമാനിക്കും.

വാഴച്ചാൽ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, കുത്തേറ്റതാണ് മുറിവിന്​ കാരണം. മുറിവുണങ്ങാൻ സമയമെടുക്കും. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വനപാലകർ പറയുന്നു.

സാധാരണ രീതിയിൽ തന്നെ തീറ്റയും വെള്ളവുമെടുക്കുന്നുണ്ട്. മുറിവിൽ ഈച്ച വരാതിരിക്കുന്നതിനായി തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചളിയും മുറിവിലേക്ക് ഇടുന്നുണ്ടെന്നും വനപാലകർ അറിയിച്ചു.

Tags:    
News Summary - An elephant with a brain injury was dopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.