കൊച്ചി:സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് കേരളം മുന്നോട്ടു പോകുന്നതെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന പ്രാധാന്യം ഇതിന് തെളിവാണെന്നും സ്പീക്കർ എ.എന്‍. ഷംസീർ. ആലുവ ഗവ.ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.
പെൺകുട്ടികൾ നന്നായി പഠിക്കണം. പഠിച്ച്, ജോലി ചെയ്ത് കുടുംബ ജീവിതം ആരംഭിക്കുക. സ്വന്തം കാലിൽ നിൽക്കുക. അതിന് വിദ്യാഭ്യാസം അനിവാര്യമാണ്. അത് മാത്രമാണ് സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വഴി - സ്പീക്കർ പറഞ്ഞു.
കേരളത്തിന്‍റെ പൊതുവിദ്യാലയങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് തെളിവാണ് അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുടെ തിരിച്ചൊഴുക്ക്. വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകാന്‍ കൊച്ചി സർവകലാശാല എടുത്ത തീരുമാനം വിപ്ലവകരമാണ്. ഇത് മറ്റ് സർവകലാശാലകളിലേക്കും വ്യാപിക്കുകയാണ്.
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 1.50 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണം പൂർത്തിയായത്. മൂന്ന് നിലകളിലായി ആറ് ക്ലാസ് മുറികൾ, ടോയ്ലറ്റ്, സ്റ്റാഫ്, പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കുള്ള മുറികൾ, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് റാംപ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
നഗരസഭാ ചെയർമാൻ എം.ഒ ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, ഹെഡ്മിസ്ട്രസ് മീനാ പോൾ, പ്രിൻസിപ്പൽ കെ.എം ബിന്ദു, പി.ടി.എ പ്രസിഡന്റ് സി.എ വിൻസന്റ്, സ്റ്റുഡന്‍റ് ചെയർപേഴ്സൺ സി.പി മീനാക്ഷി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.