​'മുസ്‍ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കി'; പനമരത്ത് വിവാദ പരാമർശവുമായി സി.പി.എം നേതാവ്

കൽപറ്റ: വയനാട് സി.പി.എം ജില്ല കമ്മിറ്റി അംഗം എ.എൻ. പ്രഭാകരൻ പനമരത്ത് നടത്തിയ പ്രസംഗം വൻ വിവാദത്തിൽ. പനമരത്ത് മുസ്‍ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻറാക്കി എന്നായിരുന്നു വിവാദ പരാമർശം.

''പനമരത്ത് യു.ഡി.എഫ് മുസ്‍ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി. പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റി. ലീഗിനെ കോൺ​ഗ്രസ് കാലുവാരി. ആദ്യമായി മുസ്‍ലിം വനിത പ്രസിഡന്റായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്. അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കൈയും കെട്ടിനിന്ന് മറുപടി പറയേണ്ടി വരും.​ കേസുണ്ടാക്കിയ അഷ്റഫ് എന്ന പൊലീസുകാരനോട് വേറെ ഒന്നും പറയാനില്ല. ഞങ്ങൾ ഇഷ്ടം പോലെ കേസിൽ പ്രതിയായതാണ്. വെടിക്കെട്ടുകാരന്റെ മക്ക​ളെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ട.''-എന്നായിരുന്നു പ്രസംഗം. പനമരത്ത് സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പ്രഭാകരന്റെ വിവാദ പരാമർശം.

പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു സി.പി.എം നേതാവ്. ജനറൽ വിഭാഗത്തിലെ വനിത സംവരണമുള്ള ​പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.ടി വിഭാഗത്തിൽ നിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്‍ലിം ലീഗ് തിരഞ്ഞെടുത്തത്.

യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിലാണ് എൽ.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ പുറത്തായത്. പ്രസിഡന്റ് സ്ഥാനാർഥികളായി ഹസീനയുടെയും ലക്ഷ്മി ആലക്കമുറ്റത്തിന്റെയും പേരുകളാണ് യു.ഡി.എഫ് പരിഗണനയിൽ ഉണ്ടായിരുന്നത്. ഭിന്നതയെ തുടർന്ന് ആദ്യദിവസം തെരഞ്ഞെടുപ്പ് നടന്നില്ല. തുടർന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇടപെട്ട് ലക്ഷ്മി ആലക്കമുറ്റത്തെ പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു.

പനമരത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ ആസ്യ ​പ്രസിഡൻറായത്. ജെ.ഡി.എസിൽനിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്റെ പിന്തുണ കൂടി ഉറപ്പാക്കിയാണ് ലീഗ് ലക്ഷ്മിയെ പ്രസിഡൻറാക്കിയത്. അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിന് പിന്തുണ നൽകിയ ബെന്നി ചെറിയാനെ മർദിച്ച കേസിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags:    
News Summary - A.N. Prabhakaran's controversial remark against Panamaram Panchayat President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.