കൊച്ചി : മൂവാറ്റുപുഴ നഗരസഭ പരിധിയിലെ കുര്യൻ മലയിൽ ജൈവ ഔഷധ സസ്യ ഉദ്യാനം ഒരുങ്ങുന്നു. മൂവാറ്റുപുഴ നഗരസഭയും വനം വകുപ്പും ഹരിത കർമ്മ സേനയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ ഉദ്ഘാടനം അഡ്വ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.
പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് നഗരസഭയിൽ ഇരുപത്തിയഞ്ചാം വാർഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും അടക്കം ഒത്തുചേരുന്നതിനും സായാഹ്നങ്ങൾ ചിലവഴിക്കുന്നതിനുമായാണ് ഉദ്യാനം ഒരുക്കുന്നത്. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഇതിനായി ജൈവ ഔഷധസസ്യങ്ങൾ നട്ടുവളർത്തും. ഇരിപ്പിടങ്ങളും ഒരുക്കും.
ഇരുന്നൂറോളം വൃക്ഷതൈകളാണ് പ്രാരംഭ ഘട്ടത്തിൽ നടുന്നത്. ആദ്യ ഒരു വർഷത്തെ പരിപാലനം വനം വകുപ്പ് ഏറ്റെടുക്കും. തുടർന്ന് നഗരസഭ പരിപാലനം തുടരും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വെള്ളവും വെളിച്ചവും ഇതോടനുബന്ധിച്ച് ഒരുക്കും.
അത്തി, ഇത്തി, അരയാൽ, പേരാൽ, ഇലഞ്ഞി, ആടലോടകം, നാഗമരം, ഈട്ടി, മക്കാടോദേവ, മഞ്ഞമുള്ള, മുള്ളാത്ത, ചന്ദനം, രക്തചന്ദനം, ദന്തപാല, ചെമ്പകം, അരളി, നെല്ലി, കാപ്പി, കണിക്കൊന്ന തുടങ്ങിയവയും ഫലവൃക്ഷങ്ങളും വച്ച് പിടിപ്പിക്കും.
കുര്യൻ മല അംഗൻവാടിക്ക് സമീപം നടന്ന വൃക്ഷത്തൈ നടീൽ ചടങ്ങിൽ മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അധ്യക്ഷത വഹിച്ചു. വനംവകുപ്പ് ഡി.സി.എഫ് ജയമാധവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽസലാം, പ്രമീള ഗിരീഷ്കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ അമല്‍ ബാബു, കെ.ജി. അനിൽകുമാർ, ബിന്ദു സുരേഷ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.