കോഴിക്കോട് : വാഴച്ചാൽ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്. 40 പേരുള്ള സംഘമാണ് ആനയെ പിന്തുടരുന്നത്. ആനയെ നീരീക്ഷിച്ച് മയക്ക് വെടി വെക്കാനാണ് തീരുമാനം. സംഘം വനത്തിലേക്ക് നീങ്ങി. ആന പുഴ മുറിച്ച് കടന്ന് ഒന്നാം ബ്ലോക്കിലെത്തിയതായി വനംവകുപ്പ് കണ്ടെത്തി.
ആനയെ മയക്ക് വെടി വച്ചതിനു ശേഷം വിദഗ്ദ്ധ പരിചരണം നൽകുന്നതിനും തീരുമാനച്ചു. ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിലവിലെ വിലയിരുത്തൽ. കാട്ടാനകൾ തമ്മിലുളള ഏറ്റുമുട്ടലിനിടെ കുത്തേറ്റതാണ് മുറിവിനു കാരണം. മുറിവുണങ്ങാൻ സമയമെടുക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സാധാരണ രീതിയിൽ തന്നെ തീറ്റയും വെളളവും എടുക്കുന്നുണ്ട്. മുറിവിൽ ഈച്ച വരാതിരിക്കുന്നതിനായി തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചെളിയും മുറിവിലേക്ക് ഇടുന്നുണ്ട്.
എലിച്ചാണി-പറയൻപാറ മേഖലയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നത്. മസ്തകത്തിലെ മുറിവുണങ്ങുന്നതു വരെ ആനയെ നിരീക്ഷിക്കണമെന്ന വെറ്റിനറി ഡോക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അതിരപ്പിളളി റെയ്ഞ്ചിലെ വിവിധ മേഖലകളിൽ ജീവനക്കാർ പരിശോധന നടത്തിയത്. 20ന് ഉച്ചയോടെ വാടാമുറിയിൽ വീണ്ടും ആനയെ കണ്ടെത്തിയിരുന്നു.
നിലവിൽ ആന ഭക്ഷണം കഴിക്കുകയും നടക്കുകയും പുഴയിലിറങ്ങുകയും ചെയ്യുന്നുണ്ട്. ആനയെ നിരീക്ഷിക്കുന്നതിനായി ഒരു സ്പെഷ്യൽ ടീമിനെ നിയോഗിച്ചിരുന്നു. ഡോ. ഡേവിഡ്, ഡോ. ബിനോയ് സി.ബാബു എന്നിവർ അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിച്ചിരുന്നു.
എന്നാൽ ആനക്ക് ക്ഷീണം ഉണ്ടെന്നുളള സംശയത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരപരിചരണം നൽകുന്നതിനായി ചീഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയെയുടെ നേതൃത്വത്തിൽ വിദഗ്ദ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ വനത്തിൽ മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ താനെ ഉണങ്ങുന്നതായാണ് കണ്ടു വരുന്നത്. പുഴമുറിച്ച് കടന്ന ആന ഒന്നാം ബ്ലോക്കിൽ എത്തി. മുളങ്കൂട്ടത്തിന് സമീപം ആനയുണ്ടെന്നാണ് ഡി.എഫ്.ഒ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.