സിനിമ പ്രവർത്തകർക്കിടയിൽ ക്രിമിനലുകൾ നുഴഞ്ഞു കയറുന്നു –​കമൽ

കൊച്ചി: തങ്ങളുടെ സഹോദരിക്കെതിരെ നടന്ന ആക്രമണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധം. ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണ് താരങ്ങളടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചത്.  നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടി ചൊല്ലിയ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. 

ഞായറാഴ്ച വൈകുന്നേരം ആറിന് താരസംഘടനയായ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. താരങ്ങളടക്കം നൂറുകണക്കിന് പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ധൈര്യം കാണിച്ച അവര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. 

നടന്നത് ദാരുണസംഭവമാണെന്ന് ഇന്നസെന്‍റ് പറഞ്ഞു. വലിയ ദു$ഖമുണ്ട്. പൊലീസും സര്‍ക്കാറും കൃത്യമായി ഇടപെട്ടതില്‍ നന്ദിയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ചില രോഗമുള്ളവര്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളും അപവാദങ്ങളും പരക്കുന്നു. ഇത്തരം സംഭവങ്ങളെ ഉത്സവമായി കൊണ്ടാടരുത്. സഹോദരിയായ നടിക്ക് എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഞങ്ങളുടെ സഹോദരി ഉയര്‍ത്തിയത് പ്രതിരോധത്തിന്‍െറ പ്രതീകമാണെന്ന് മമ്മൂട്ടി പറഞ്ഞു. അവള്‍ ഉയര്‍ത്തിയ നാളം ഞങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഈ നാളം അഗ്നിയായി ആഞ്ഞുപതിക്കുക തന്നെ ചെയ്യും. സ്ത്രീയെ പരിരക്ഷിക്കുന്ന സംസ്കാരമുള്ളവനാകണം പുരുഷനെന്ന് മമ്മൂട്ടി പറഞ്ഞു.  
എന്‍െറ അടുത്ത കൂട്ടുകാരിക്ക് സംഭവിച്ച ദുരന്തത്തില്‍ രോഷവും സങ്കടവുമുണ്ട്. ഏതൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. സംഭവത്തിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. അക്കാര്യം അന്വേഷിക്കണം- മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.

 കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ളെന്ന മലയാളിയുടെ ബോധത്തിന് കിട്ടിയ അടിയാണ് ഈ സംഭവമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. സിനിമ മേഖലയില്‍ ക്രിമിനല്‍വത്കരണം നടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസും സര്‍ക്കാറും പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ ചില മാധ്യമങ്ങള്‍ നടിയുടെ ആത്്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയത് സങ്കടകരമായെന്ന് നടന്‍ ലാല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയും ബഹുമാനവും പുരുഷന്‍ നല്‍കേണ്ട ഒൗദാര്യമല്ളെന്നും സമൂഹത്തില്‍നിന്ന് ലഭിക്കേണ്ടതാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

സംവിധായകരായ രഞ്ജിത്, സിബി മലയില്‍, നടന്‍ ദിലീപ്, ദേവന്‍, കെ.പി.എ.സി ലളിത, സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ ഫോണിലൂടെ ഐക്യദാര്‍ഢ്യം അറിയിച്ചു. സംവിധായകന്‍ ജോഷി, ജീന്‍ പോള്‍ ലാല്‍, നടന്മാരായ മനോജ് കെ. ജയന്‍, ജയസൂര്യ, സുരേഷ് കൃഷ്ണ, കാളിദാസ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, നടിമാരായ രമ്യ നമ്പീശന്‍, അനുമോള്‍, ആശ ശരത്, സീനത്ത്, പൊന്നമ്മ ബാബു, രജിഷ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

Tags:    
News Summary - amma organised protest meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.