അമിത് ചക്കാലക്കൽ

‘മദ്യപാനമോ പുകവലിയോ ഇല്ല, ആകെയുള്ളത് വണ്ടിഭ്രാന്താണ്. അതുകൊണ്ട് കിട്ടിയ പണിയാണിത്...’; ഒരുവണ്ടി മാത്രമാണ് പിടിച്ചെടുത്തതെന്നും അമിത് ചക്കാലക്കൽ

കൊച്ചി: ഓപറേഷന്‍ നുംഖൂറിൽ പിടിച്ചെടുത്ത വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് തന്‍റേതെന്ന് നടൻ അമിത് ചക്കാലക്കല്‍. ബാക്കി ആറെണ്ണം തന്‍റെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്ക് എത്തിച്ചതാണ്. തന്‍റെ വാഹനത്തിന്‍റെ രേഖകൾ സമർപ്പിക്കാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. അഞ്ചുവർഷമായി ഉപയോഗിക്കുന്നതാണ് 1999 മോഡൽ ലാൻഡ് ക്രൂസർ.

ആർ.ടി.ഒ എത്തി അവരുടെ പോർട്ടലിൽ കയറി വണ്ടിയുടെ രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചിരുന്നു. വാഹനത്തിന്‍റെ 15 വർഷംമുമ്പുള്ള രേഖകളാണ് അവർ പരിശോധിക്കുന്നത്. താനിത് അടുത്ത നാളുകളിൽ ഭൂട്ടാനിൽനിന്ന് കൊണ്ടുവന്നതാണോ എന്നാണ് അവർക്ക് അറിയേണ്ടത്. കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ഈ വാഹനം വിൽപന നടത്തിയതിന്‍റെയും ഉടമസ്ഥരുടെയും മറ്റും രേഖകളും അവർക്ക് പരിശോധിക്കണമായിരുന്നു. അതൊക്കെ നൽകിയിട്ടുണ്ട്. ഈ വാഹനത്തെക്കുറിച്ച് 15 വര്‍ഷംമുമ്പ് വന്ന വ്ലോഗിന്‍റെ വിവരങ്ങൾ ഉൾപ്പെടെയുണ്ട്. പിടികൂടിയതിൽ തന്‍റേതല്ലാത്ത വാഹനങ്ങളുടെ ഉടമസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.

ആറുമാസം മുമ്പും സമാനപരിശോധന നടന്നിരുന്നു. അന്നും എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. താൻ പരിശോധനകളോട് സഹകരിച്ചില്ലെന്ന പ്രചാരണം തെറ്റാണ്. ഉദ്യോഗസ്ഥരെത്തിയപ്പോൾ തന്‍റെ അഭിഭാഷകൻ വാറന്‍റുണ്ടോ എന്ന് ചോദിച്ചു. എന്നാൽ, അഭിഭാഷകനോട് പുറത്തുപോകാൻ ഉദ്യോഗസ്ഥരിലൊരാൾ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ അവർ തമ്മിലാണ് വാക്തർക്കമുണ്ടായത്. താനുമായല്ല പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനമോ പുകവലിയോ ഒന്നും തനിക്കില്ല, ആകെയുള്ളത് വണ്ടിഭ്രാന്താണ്. അതുകൊണ്ട് കിട്ടിയ പണിയാണിതെന്നും അമിത് ചക്കാലക്കൽ ട് പറഞ്ഞു.

കാർ കടത്ത് അന്വേഷിക്കുമെന്ന് ഇ.ഡി ഹൈകോടതിയിൽ

കൊച്ചി: ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി കടത്തിയ ആഡംബര കാറുകൾ കേരളത്തിലടക്കം വിൽപന നടത്തിയ സംഭവം അന്വേഷിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയിൽ. കഴിഞ്ഞ ദിവസം ഇത്തരം കാറുകൾ പിടിച്ചെടുക്കുകയുംചെയ്ത സംഭവത്തെക്കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മറ്റൊരു കേസിൽ ഹാജരായിരുന്ന ഇ.ഡി അഭിഭാഷകനോട് ഇക്കാര്യം ആരാഞ്ഞത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കേസിലെ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. വാഹനക്കടത്ത് സംഭവം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പി.എം.എൽ.എ) ലംഘനമല്ലേയെന്നും ഈ വിഷയം ഇ.ഡി അന്വേഷിക്കുമോയെന്നുമായിരുന്നു ഇ.ഡിയോട് കോടതി ആരാഞ്ഞത്.

വിഷയം ഇ.ഡിയുടെ പരിധിയിൽ വരുന്നതാണെന്നും പരിശോധിച്ചുവരുകയാണെന്നും അന്വേഷണം നടത്തുമെന്നും അഭിഭാഷകൻ ജയശങ്കർ വി. നായർ മറുപടി നൽകി. നേരത്തേ കോടതിയുടെ പരിഗണനയിലുള്ള ചില കസ്റ്റംസ് കേസുകളിൽ വിദേശത്തുനിന്ന് ആഡംബര കാറുകൾ കടത്തുന്ന സംഭവങ്ങളിൽ നികുതി വെട്ടിപ്പും പി.എം.എൽ.എ നിയമലംഘനവും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾകൂടി വിലയിരുത്തിയാണ് പുതിയ വാഹനക്കടത്ത് സംഭവത്തിലും കോടതി ഇ.ഡിയുടെ നിലപാട് വാക്കാൽ ആരാഞ്ഞത്.

Tags:    
News Summary - Amit Chakkalackal said that only one vehicle was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.