കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടണോ എന്ന് തീരുമാനിക്കേണ്ടത് അതാത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഖ്യം അവരവരുടെ സ്വാതന്ത്ര്യമാണ്. ഈ രാഷ്ട്രീയ സഖ്യങ്ങളെ എതിര്‍ക്കേണ്ട കാര്യം സമസ്തക്കില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി മതപരമായ എതിർപ്പുണ്ടെങ്കിലും അവരുമായി കൂട്ടുകൂടുന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളാണ് ആലോചിക്കേണ്ടത്.
ഇതുസംബന്ധിച്ച് സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും ഇരുവിഭാഗങ്ങളിലെയും അഭിപ്രായ ഭിന്നതകള്‍ ഏറെ കുറേ പരിഹരിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി. വെൽഫെയർ പാർട്ടിയും യു.എഡി.എഫുമായുള്ള സഖ്യത്തെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.സി വിഷയം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സുന്നി ഐക്യത്തിന് സമസ്ത തയാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന പ്രതിസന്ധി അഭിമുഖീകരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
'മുസ്‌ലിംകള്‍ നേരിടുന്ന പ്രതിസന്ധി അഭിമുഖീകരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. മുസ്‌ലിംകള്‍ മാത്രം ഒരുമിച്ച് നിന്നത് കൊണ്ട് ഒന്നും ചെയ്യാനാകില്ല. അത്തരം ഘട്ടങ്ങളില്‍ എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തിന്റെ പൊതുനന്മക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കണം': ജിഫ്രി തങ്ങള്‍ പറഞ്ഞു.
2025 സെപ്റ്റംബറില്‍ ആരംഭിച്ച് ഇന്നലെ സമാപിച്ച സമസ്തയുടെ ഫണ്ട് ശേഖരണമായ തഹിയ ഫണ്ടിലേക്ക് ഇതുവരെ 46 കോടി രൂപ 20 ലക്ഷം രൂപ പിരിച്ചെന്നും ജനങ്ങള്‍ക്കിടയില്‍ സമസ്തയ്ക്കുളള സ്വീകാര്യതയുടെ തെളിവാണിതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. തഹിയ ഫണ്ടിലേക്ക് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ മകന്‍ ഹക്കീം അസ്ഹരി സംഭാവന നല്‍കിയതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്തയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അതിന്റെ ഔദ്യോഗിക ഭാരവാഹികളിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ആദ്യം വാർത്ത നൽകി പിന്നീട് അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പിൻവലിച്ച് ക്ഷമാപണം സ്വീകരിക്കുന്ന ശൈലി പിന്തുടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.