തിരുവനന്തപുരം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ അനധികൃത നിർമ്മാണമെന്ന ആരോപണവുമായി പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും. നവംബർ 26 മുതൽ പൊന്മുടിയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്കിളിങ് ചാംമ്പ്യൻഷിപ്പിന്റെ ഭാഗമായി കായിക താരങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനെന്ന വ്യാജേനയാണ് അനധികൃത റിസോട്ട് നിർമ്മാണം നടക്കുന്നതെന്നും ആരോപണമുണ്ട്. പൊന്മുടി മെർക്കിസ്റ്റൻ എസ്റ്റേറ്റിലാണ് നിർമ്മാണം നടക്കുന്നത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായതിനാൽ പൊന്മുടിയിൽ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകാറില്ല. പുതിയ നിർമാണത്തിന് പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കായിക താരങ്ങൾക്ക് താമസിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് പഴയ ലയങ്ങൾ ഇടച്ചുമാറ്റി പുതിയ റിസോട്ടുകളുടെ നിർമ്മാണം നടത്തുന്നത്. ഇതിനായി അഞ്ച് കിലോമീറ്റർ റോഡ് പൂർണ്ണമായി നിർമ്മിച്ചു കഴിഞ്ഞു. വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനു വേണ്ടി വിശാലമായ ഗ്രൗണ്ടുകളുടെ നിർമ്മാണം നടക്കുകയാണ്.
തോട്ടങ്ങളിൽ തേയിലക്കൃഷിയെ പൂർണ്ണമായി നശിപ്പിക്കുവാൻ ചെടികൾക്കിടയിൽ ഗ്രാമ്പുതൈകൾ വച്ചു പിടിപ്പിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. തോട്ടം മേഖലയെ പൂർണ്ണമായും ഒഴിവാക്കി ടൂറിസ വ്യാപാരം നടത്തുക എന്ന ഗൂഢലക്ഷ്യമാണ് ഈ പ്രവർത്തനത്തിന്റെ പിന്നിലെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച പെരിങ്ങമ്മല പഞ്ചായത്ത് സമിതി നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി. നിർമാണം സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.