തിരുവനന്തപുരം: ആശാ വർക്കർമാർക്കായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഓണറേറിയം പ്രഖ്യാപിക്കാൻ തയാറാകണമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യുജീൻ പെരേര. ബജറ്റിൽ തുക വകയിരുത്തിക്കൊണ്ട് ആശാ വർക്കേഴ്സിനായി പ്രത്യേക അലവൻസ് നൽകുമെന്ന് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിച്ചുകൊണ്ട് ആശാ സമര സമിതി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിത്തട്ടിലുള്ള ഭരണസംവിധാനം ആശാവർക്കർമാർക്കൊപ്പമാണ് എന്ന തിരിച്ചറിവ് ഉൾക്കൊണ്ടെങ്കിലും സംസ്ഥാന സർക്കാർ കണ്ണു തുറക്കേണ്ടതുണ്ട്.അതിന് അധികകാലമില്ല.വെള്ളാനകളുടെ മുഖം സൃഷ്ടിച്ചുകൊണ്ട്, അടിസ്ഥാന ജനവിഭാഗത്തിൻറെ ന്യായമായ ആവശ്യങ്ങൾ തിരിഞ്ഞ് നോക്കാത്ത ഭരണ സംവിധാനം വരും നാളുകളിൽ ജനകീയ ഇടപെടലുകളുടെ കരുത്ത് മനസ്സിലാക്കും. ആശാവർക്കർമാരുടെ തൊഴിലവകാശങ്ങൾ സ്ഥാപിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകണം.
സമരസമിതിയുമായി ചർച്ച ചെയ്ത് അതിന് പരിഹാരം ഉണ്ടാക്കണം. ആശാ സഹോദരിമാർ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും മനസിലാക്കി ഒരു നിശ്ചിത തുക പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ആശാ വർക്കേഴ്സിന് പ്രത്യേക അലവൻസ് നൽകുവാനുള്ള പ്രഖ്യാപനം നടത്തിയത്. പ്രത്യേക അലവൻസ് നൽകുമെന്ന് പ്രഖ്യാപനം നടത്തിയ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കുമുള്ള ആദരമായിരുന്നു സമരവേദിയിൽ നടന്നത്.
ആശമാർ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളെ റോസാ പൂച്ചെണ്ടും കസവുമുണ്ടും നൽകി നന്ദി പ്രകാശിപ്പിച്ചു.'ആശമാരുടെ ആദരവ് ' എന്ന് ആലേഖനം ചെയ്ത തൊപ്പി പ്രതിനിധികളുടെ ശിരസിൽ ആശമാർ തന്നെ അണിയിച്ചു. എറണാകുളം മരട് നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ, പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ്, എറണാകുളം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ചന്ദ്രശേഖരൻ നായർ,കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് പി.കെ ഷറഫുദ്ദീൻ, കൊല്ലം നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീന പറമ്പിൽ എന്നിവർ സമരവേദിയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
കഴിഞ്ഞ മാസത്തെ തന്റെ ഓണറേറിയം സമരസമിതിക്ക് സംഭാവന ചെയ്ത, എറണാകുളം മരട് നഗരസഭ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ഇത്തവണത്തെയും തുക സംഭാവനയായി നൽകി. 'നമ്മുടെ തിരുവല്ല' ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി അഡ്വ. ലാലിച്ചൻ, എ.കെ.സി.ടി.എ കോപ്പറേറ്റിവ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് ജോയി വടക്കൻപാടൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി ജോർജ്,ശശീന്ദ്രൻ, ചെറുമൂട് മോഹനൻ,കുഞ്ഞാലിപറമ്പൻ എന്നിവരും സമരവേദിയിൽ എത്തി പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.