മന്ത്രിസഭ തീരുമാനങ്ങള്‍ മുഴുവന്‍ പുറത്തുവിടാനാകില്ല –മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ മുഴുവന്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്‍കാനാകാത്തതും നല്‍കിക്കൂടാത്തതുമായ വിവരങ്ങള്‍ ഉണ്ട്. ചില തീരുമാനങ്ങള്‍ നടപ്പാക്കും മുമ്പ് പുറത്തുവിട്ടാല്‍ നിരര്‍ഥകമാകും. ഇക്കാരണത്താലാണ് മന്ത്രിസഭ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമീഷന്‍ സംഘടിപ്പിച്ച വിവരാവകാശ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശത്തിലൂടെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദമുണ്ടായതോടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 

വ്യക്തിപരമായ ദുരുദ്ദേശ്യങ്ങള്‍ക്കായി ചിലര്‍ വിവരാവകാശ നിയമം ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരക്കാരെ തിരിച്ചറിയണം. സമസ്ത മേഖലകളിലും അഴിമതിയുണ്ട്. ഇതു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതിനെതിരെ വിവരാവകാശനിയമത്തെ ഫലപ്രദമായി ഉപയോഗിക്കാം. മുഖ്യ വിവരാവകാശ കമീഷണര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് വിന്‍സന്‍ എം. പോള്‍ നടത്തുന്നത്. കമീഷന്‍ അംഗങ്ങളുടെ കുറവ് പരിഹരിക്കുന്ന കാര്യം നിയമക്കുരുക്കില്‍പെട്ടിരിക്കുകയാണ്. ഇത് ഉടന്‍ പരിഹരിക്കും -അദ്ദേഹം പറഞ്ഞു.

വിവരാവകാശനിയമ പ്രകാരം മറുപടി നല്‍കുന്നതിനുള്ള ഫീസ് അടക്കാന്‍ ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന് വിന്‍സന്‍ എം. പോള്‍ അഭിപ്രായപ്പെട്ടു. പല ഉദ്യോഗസ്ഥര്‍ക്കും വിവരാവകാശപ്രകാരം മറുപടി നല്‍കാന്‍ മടിയാണ്. വകുപ്പുതല പരീക്ഷകളില്‍ വിവരാവകാശ നിയമം വിഷയമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  


മന്ത്രിസഭ തീരുമാനം 48 മണിക്കൂറിനകം ഉത്തരവാകുന്നില്ളെന്ന് 
കൊച്ചി: മന്ത്രിസഭ തീരുമാനം 48 മണിക്കൂറിനകം ഉത്തവായി പുറത്തിറക്കുമെന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇപ്പോഴും നടപ്പായിട്ടില്ളെന്ന് ഹൈകോടതിയില്‍ ഹരജിക്കാരന്‍. മന്ത്രിസഭ യോഗങ്ങളിലെടുത്ത തീരുമാനങ്ങള്‍ ഉത്തരവാകാതെ നിലനില്‍ക്കുന്ന അവസ്ഥ തുടരുകയാണെന്നും ഇതിലൂടെ സര്‍ക്കാര്‍തന്നെ സ്വന്തം ഉറപ്പ് ലംഘിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാറിന്‍െറ ഹരജിയില്‍ എതിര്‍കക്ഷിയായ വിവരാവകാശ പ്രവര്‍ത്തകന്‍ സത്യവാങ്മൂലം നല്‍കിയത്. 

മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന മുഖ്യ വിവരാവകാശ കമീഷണറുടെ ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം. മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി. ബിനു നല്‍കിയ പരാതിയിലാണ് ആവശ്യപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന് കമീഷണര്‍ ഉത്തരവിട്ടത്. മുഖ്യ വിവരാവകാശ കമീഷണറുടെ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാണ് സര്‍ക്കാറിന്‍െറ വാദം. വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 2016 ജൂലൈ നാലുമുതല്‍ ഒക്ടോബര്‍ 13വരെയുള്ള 293 മന്ത്രിസഭ തീരുമാനങ്ങളില്‍ 36 എണ്ണം നടപ്പാക്കിയിട്ടില്ളെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

 

Tags:    
News Summary - all cabinet decisions cant publish - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.