പൊള്ളാച്ചി: തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. ഇന്നലെ വൈകീട്ട് നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിൽ കാട്ടാന ഒഴുക്കിൽപ്പെട്ടതായി കണ്ടത്. വിവരം ലഭിച്ച തമിഴ്നാട് ജലസേചന വകുപ്പ് ജഡം കനാലിലെ ജലപ്രവഹം കുറക്കുന്നതിന് നടപടികൾ സ്വീകരിച്ചെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല.
വൈകിട്ട് ആറരയോടെ ആനയുടെ ജഢം തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിൽ കണ്ടെത്തുകയായിരുന്നു. ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ചില്ലിക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയാണ് ചരിഞ്ഞതെന്നാണ് സൂചന.
ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ആനക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടത്. ഇടയ്ക്കിടെ നെല്ലിയാമ്പതി ജനവാസമേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പൻ നാട്ടുകാർക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല. അതിനാൽതന്നെ നെല്ലിയാമ്പതിക്കാർക്ക് പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പൻ. ഉടുമലയിലെ വനപാലകർ ജഢം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.