തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങൾക്ക് അകം പൂട്ടാൻ ആൽകോ സ്കാൻ വാൻ എത്തി. ലഹരി ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ.
പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചുവോ എന്നുള്ള പരിശോധന മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്.
റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ആൽകോ സ്കാൻ വാൻ കേരള പോലീസിന് കൈമാറും.
ഔദ്യോഗിക ഉദ്ഘാടനവും, ഫ്ലാഗ് ഓഫും ആഗസ്റ്റ് 30 ന് വൈകീട്ട് 4.30ന് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പോലീസ് ചീഫ് അനിൽ കാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പദ്ധതി വിശദീകരിക്കും.
റോട്ടറി ഗവർണർ കെ. ബാബു മോൻ, റോപ്പ് പദ്ധതിയുടെ ചീഫ് കോ- ഓർഡിനേറ്റർ, മുൻ ഗവർണ്ണർ സുരേഷ് മാത്യു, ജനറൽ കോ- ഓർഡിനേറ്ററും റോപ്പ് സെക്രട്ടറിയുമായ ജിഗീഷ് നാരായണൻ, മുൻ ഗവർണ്ണർ കെ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുക്കും.
വിദേശ രാജ്യങ്ങളിൽ പോലീസ് ഉപയോഗിക്കുന്ന ഈ വാഹനത്തിനും മെഷീനും ചേർത്ത് ഒന്നിന് 50 ലക്ഷം രൂപയാണ് വില. റോട്ടറിയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി 2021-22 റോട്ടറി വർഷത്തെ ഡിസ്റ്റ്രിക്റ്റ് 3211 ന്റെ ഡിസിക്ട് ഗവർണ്ണർ കെ ശ്രീനിവാസന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, ഗ്രേയ്റ്റർ ഹരിപ്പാട് എന്നീ റോട്ടറി ക്ളബ്ബുകളുടെ സംയുക്ത സഹായത്താലാണ് കേരള പോലീസിന് സൗജന്യമായാണ് ഈ ബസ് നൽകുന്നത്. ഈ സാമ്പത്തിക വർഷം തന്നെ ഇത്തരത്തിലുള്ള 15 വാനുകളും റോപ്പ് കേരള പോലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.