കലക്ടർ ദാ വന്നു... ദേ പോയി

ആലപ്പുഴ: ആലപ്പുഴയിൽ അഞ്ചുമാസം പിന്നിടുമ്പോേഴക്കും പുതിയ കലക്ടർ വരുന്നു. മാർച്ച് മൂന്നിനാണ് ആലപ്പുഴയിൽ 53മത്തെ കലക്ടറായി ഡോ. രേണുരാജ് ചുമതലയേറ്റത്.മുൻ കലക്ടർ എ. അലക്സാണ്ടർ വിരമിച്ച ഒഴിവിലേക്ക് ആദ്യനിയമനമായി രേണുരാജ് എത്തിയപ്പോൾ ആലപ്പുഴക്കാർ ഏറെ സന്തോഷിച്ചു. കുട്ടനാടിന്‍റെ അയൽക്കാരിയാണെന്നതായിരുന്നു അതിന് കാരണം.

ചങ്ങനാശ്ശേരി മലകുന്നം സ്വദേശിനി ഇവർ നഗരകാര്യ ഡയറക്ടറുടെ ചുമതലയിൽനിന്നാണ് ആലപ്പുഴയിലേക്ക് വന്നത്.ഇതിനിടെ, അഞ്ച് അപ്പത്തിനും മുട്ടക്കറിക്കും കണിച്ചുകുളങ്ങരയിൽ ഹോട്ടൽ അമിത വിലയീടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയും പ്രധാന ചർച്ചവിഷയമായിരുന്നു. ബിൽ സഹിതം കലക്ടർക്ക് പരാതി നൽകിയെങ്കിലും വില ഏകീകരണമില്ലാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നായിരുന്നു കലക്ടറുടെ നിലപാട്.

ജില്ല സപ്ലൈ ഓഫിസറുടെ റിപ്പോർട്ട് തേടിയശേഷമായിരുന്നു നടപടി. ഇതോടെ എം.എൽ.എക്ക് വിഷയത്തിൽനിന്ന് പിന്മാറേണ്ടിവന്നു.ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനുമായുള്ള കലക്ടറുടെ വിവാഹം.

ഇതും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഏപ്രിൽ 28ന് ചോറ്റാനിക്കരയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്.അഞ്ചുമാസത്തിനുള്ളിൽ വിവിധ വകുപ്പുകളിലെ പല ഫയലുകളും കെട്ടിക്കിടക്കുകയാണ്. കലക്ടർ ചെയർമാനായ റോഡ് സേഫ്റ്റി അതോറിറ്റി കൗൺസിലിൽ മാത്രം നൂറുകണക്കിന് അപേക്ഷകളുണ്ട്.

മോട്ടോർ വാഹന വകുപ്പ് 'വാഹനീയം' പരിപാടി നടത്തിയെങ്കിലും അതോറിറ്റി യോഗം ചേരാത്തതിനാൽ പലതിനും തീരുമാനമായിട്ടില്ല. വിഷയത്തെക്കുറിച്ച് കൃത്യമായി പഠിക്കാനും നടപടിയെടുക്കാനും സമയം കിട്ടാതിരുന്നതാണ് പ്രധാനപ്രശ്നം. ഡോ. രേണുരാജിന് പകരമായി ഭർത്താവ് ശ്രീറാം വെങ്കിട്ടരാമൻ കലകക്ടറായി എത്തുന്നുവെന്നതാണ് പ്രത്യേകത. 

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പ്രതിഷേധാർഹം - പത്രപ്രവർത്തക യൂനിയൻ

ആലപ്പുഴ: മാധ്യമ പ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ച നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ബഷീറിന്‍റെ കൊലപാതകശേഷം നേരിട്ട് ജനങ്ങളോട് ബന്ധപ്പെടുന്ന ഒരു പദവിയിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ നിയമിക്കുന്നത് ആദ്യമായാണ്.

കേസിന്‍റെ വിചാരണ ആരംഭിക്കാൻ പോകുന്ന ഘട്ടത്തിലാണ് പ്രധാന പദവിയിലേക്കുള്ള നിയമനം. ഇത് നീതിയുക്തമായ വിചാരണയെ ബാധിക്കുമെന്നും സർക്കാർ നിയമനം പുനഃപരിശോധിക്കണമെന്നും ജില്ല പ്രസിഡന്‍റ് എസ്. സജിത്തും സെക്രട്ടറി ടി.കെ. അനിൽകുമാറും ആവശ്യപ്പെട്ടു.

ജില്ലക്ക് അപമാനം -മുസ്‍ലിംലീഗ്

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യപിച്ച് വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്‍ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീർ. കലക്ടർ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ജില്ലക്ക് അപമാനമാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. ക്രിമിനൽ പശ്ചാത്തലമുള്ള കലക്ടർക്ക് ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് ഇന്ന്

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ തിങ്കളാഴ്ച രാവിലെ 10 ന്കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തും.


Tags:    
News Summary - Alappuzha has a new collector in five months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.