‘അക്ഷര വീട്’ പൊതുസമൂഹം ഏറ്റെടുക്കണം –മോഹന്‍ ലാല്‍

കൊച്ചി: ‘മാധ്യമ’വും ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ചും ചേര്‍ന്ന് ആവിഷ്കരിച്ച ‘അക്ഷര വീട്’ പദ്ധതി പൊതുസമൂഹം ഏറ്റെടുക്കണമെന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ശനിയാഴ്ച കൊച്ചിയില്‍ നടന്ന ‘അക്ഷര വീട്’ പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ വിമാനം വൈകിയതിനാല്‍ പങ്കെടുക്കാന്‍ കഴിയാതെപോയ അദ്ദേഹം ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. 

സര്‍വ ജീവജാലങ്ങളുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു പാര്‍പ്പിടം എന്നത്. പാര്‍പ്പിടമില്ലാത്തവനേ അതിന്‍െറ വേദന ശരിക്കറിയൂ. ഈ വേദന തിരിച്ചറിഞ്ഞ് ഒരു കൈത്താങ്ങായി മാറുകയാണ് ‘അമ്മ’യും ‘മാധ്യമ’വും യു.എ.ഇ എക്സ്ചേഞ്ചും ചേര്‍ന്ന് രൂപംനല്‍കി ആര്‍ക്കിടെക്ട് ശങ്കര്‍ സാക്ഷാത്കാരം നല്‍കുന്ന ‘അക്ഷര വീട്’ പദ്ധതി. സമൂഹത്തിനുവേണ്ടി ജീവിക്കുകയും എന്നാല്‍, സ്വയം ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയാതെപോവുകയും ചെയ്ത ആയിരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അവര്‍ക്ക് കൈത്താങ്ങാകേണ്ടതും സമൂഹമാണ്. അതുകൊണ്ടുതന്നെ ‘അക്ഷര വീട്’ എന്നത് ഏതാനും പേരുടെ മാത്രം ആശയമായി ചുരുങ്ങരുത്. മലയാളത്തിലെ അക്ഷരമാല ക്രമത്തില്‍ 51 വീടുകള്‍ മാത്രമായി അവസാനിക്കുകയും ചെയ്യരുത്. അതിന് തുടര്‍ച്ചയുണ്ടാകണം. 

കിടപ്പാടമില്ലാത്തവര്‍ക്ക് കിടപ്പാടമൊരുക്കുന്ന പദ്ധതിയില്‍ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ തങ്ങളാല്‍ കഴിയുംവിധം അണിചേരണം. ഇത് പൊതുസമൂഹത്തിന്‍െറ മൊത്തം പദ്ധതിയായി മാറുമെന്നതുതന്നെയാണ് തന്‍െറ പ്രതീക്ഷ. കിടപ്പാടം ഒരുക്കല്‍ എന്നതിനപ്പുറം കേരളത്തിന്‍െറ മതസൗഹാര്‍ദ രംഗത്തിന് മുതല്‍ക്കൂട്ടുമാകും ഇതെന്ന് മോഹന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു. 
Tags:    
News Summary - aksharaveed mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.