എ.കെ.ജി സെന്‍റർ ആക്രമണം; ജിതിനെ കുടുക്കിയത് സി.സി.ടി.വിയിലെ കാറും ടീഷർട്ടും

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞതിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനാണെന്ന് തിരിച്ചറിയുന്നതിൽ നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ. ജിതിനെ കുടുക്കിയത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാറാണ്.

കെ.എസ്.ഇ.ബി ബോർഡ് വെച്ച് ഓടിയത് ജിതിന്റെ കാറാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സി.സി.ടി.വിയിൽ കണ്ട ടീഷർട്ടും ഷൂസും ജിതിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷര്‍ട്ടും ഷൂസുമിട്ടുള്ള വിഡിയോ ജിതിന്‍റെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നു. ഇതും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ടീഷര്‍ട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജൂലൈ ഒന്നിന് രാത്രി 11.25ന് എ.കെ.ജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതു മനസിലായത്.

കെ.എസ്.ഇ.ബിയുടെ ബോർഡ് സ്ഥാപിച്ച കാറിനടുത്തേക്ക് സ്കൂട്ടർ വരുന്നതും പിന്നീട് കാറിനു പിന്നാലെ ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ചു മുന്നോട്ടുപോയശേഷം ജിതിൻ സ്കൂട്ടർ നിർത്തി കാറിൽ കയറി ഓടിച്ചു പോയി. ജിതിൻ വന്ന സ്കൂട്ടർ കാറിലുണ്ടായിരുന്ന ആളാണ് കൊണ്ടുപോയത്. കാറിന്റെ ഉടമസ്ഥനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ജിതിന്റെ പേരിലാണ് കാറെന്ന് മനസിലായി. കെ.എസ്.ഇ.ബി കഴക്കൂട്ടം അസി. എക്സിക്യൂട്ടിവ് എൻജിനീയർക്കായി ഓടുന്ന ടാക്സി കാറായിരുന്നെന്നും അന്വേഷണസംഘം പറയുന്നു.

വ്യാഴാഴ്ച രാവിലെയാണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - AKG Center Attack; Jithin was trapped by CCTV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT