തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് വർഗീയ പ്രസ്താവന നടത്തിയതിന് ലഭിച്ച വക്കീൽ നോട്ടീസിനെക്കുറിച്ച് പ്രതികരണവുമായി സി.പി.എം നേതാവ് എ.കെ. ബാലൻ. ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ് ലഭിച്ചെന്നും സി.പി.എമ്മിനെയും തന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നോട്ടീസെന്നും എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിരുപാധിക മാപ്പും നഷ്ടപരിഹാരവുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്, അതൊന്നും കൊടുക്കാൻ മനസ്സില്ല. അതിന്‍റെ പേരിൽ ജയിലിൽ പോകാനാണ് വിധിയെങ്കിൽ സന്തോഷപൂർവം സ്വീകരിച്ച് ജയിലിൽ പോകും. കേസും കോടതിയും പുത്തരിയല്ല. എം.പി, എം.എൽ.എ, മന്ത്രി എന്ന നിലയിൽ ഞാൻ നടത്തിയ പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ ഒരു രൂപത്തിലുമുള്ള ആക്ഷേപം ഉണ്ടാക്കിയിട്ടില്ല. പൊതുജീവിതത്തിൽ ഇന്നേവരെ മതനിരപേക്ഷതക്ക് എതിരായിട്ടോ, മത ന്യൂനപക്ഷ വിരുദ്ധ സമീപനമോ എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, മത ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ട് ഭൂരിപക്ഷ വർഗീയത ഉയർത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിക്ക് എതിരായി ശബ്ദിക്കാൻ പറ്റുന്ന സ്ഥലങ്ങളിലെല്ലാം ശബ്ദിച്ചിട്ടുണ്ട്. ഇത് അവസാനം വരെയുണ്ടാകും. ഇതാണ് എന്‍റെ ചരിത്രം -അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്നും അപ്പോൾ പലമാറാടുകളും ആവർത്തിക്കുമെന്നുമായിരുന്നു എ.കെ. ബാലൻ പറഞ്ഞത്. ഈ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ വർഗീയ കലാപങ്ങൾ അരങ്ങേറിയ ഒരു കാലമുണ്ടായിരുന്നുവെന്നും ഇത് ഓർമിപിക്കാനാണ് ബാലൻ ശ്രമിച്ചത് എന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
പ്രസ്താവന തിരുത്തണമെന്നും മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി ജമാഅത്ത് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് വക്കീൽ നോട്ടീസ് അയച്ചത്. ബി.ജെ.പി പോലും രാഷ്ട്രീയ ആയുധമാക്കാത്ത മാറാട് കാലപത്തെ ആയുധമാക്കാൻ സി.പി.എം ശ്രമിക്കരുതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മാറാട് കലാപത്തിന്റെ മുറിവുണക്കാൻ ശ്രമിച്ച സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമി. അന്നത്തെ അമീർ സിദ്ദീഖ് ഹസ്സനാണ് മാറാട് സന്ദർശിച്ച് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതിന് മുന്നിൽ നിന്നത്. കേരളം മറക്കാൻ ആഗ്രഹിക്കുന്ന മുറിവാണ് മാറാട്. മുതിർന്ന സി.പി.എം നേതാവായ എ.കെ ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നും പി. മുജീബുറഹ്മാൻ പറഞ്ഞിരുന്നു.
എ.കെ. ബാലൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് ചോദിക്കണമെന്നാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഇന്നലെ പറഞ്ഞത്. ‘യു.ഡി.എഫ് അധികാരത്തിൽ വരാൻ പോകുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴല്ലേ ജമാഅത്തെ ഇസ്‌ലാമി അധികാരത്തിൽ വരുന്നതിന്‍റെ പ്രശ്നം പരിശോധിക്കേണ്ടത്? അതാണ് സി.പി.എമ്മിന്‍റെ നിലപാട്. അതിൽനിന്നും വ്യത്യസ്തമായി ബാലനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബാലനോട് സംസാരിച്ച് വ്യക്തമാക്കണം’ - എന്നാണ് എൽ.ഡി.എഫ് കൺവീനർ ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. മാറാട് അടഞ്ഞ അധ്യായമാണെന്നും അതിനെ കുറിച്ച് വീണ്ടും പറഞ്ഞ് ഭിന്നിപ്പിക്കാനില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.