വിമാനം 12 മണിക്കൂർ വൈകുന്നു; യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട്: യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ദുബൈയിലേക്കുള്ള വിമാനം 12 മണിക്കൂറാണ് വൈകുന്നത്. ഇന്ന് രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനമാണ് രാത്രി എട്ടിന് മാറ്റി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സാങ്കേതിക തടസമെന്ന് മാത്രമാണ് അധികൃതർ യാത്രക്കാർക്ക് നൽകിയിരിക്കുന്ന വിശദീകരണം.

വൈകുന്നതിന് കൃത്യമായ വിശദീകരണം നൽകാനോ പരിഹാരം കാണാനോ അധികൃതർ തയാറായിരുന്നില്ല. യാത്രക്കാർ ബഹളം വെച്ചതോടെയാണ് ഇവരെ റൂമുകളിലേക്ക് മാറ്റാൻ തയാറായത്. ടിക്കറ്റ് കാൻസൽ ചെയ്യണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാമെന്ന് അറിയിച്ചെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല.

യാത്രക്കാർ ബോർഡിങ് പാസെടുത്ത ശേഷം ഗേറ്റ് തുറക്കാതായതോടെ അന്വേഷിച്ചപ്പോൾ മാത്രമാണ് വിമാനം 12 മണിക്കൂർ വൈകുമെന്ന് അറിയിച്ചത്. അതുവരെ ഒരു അറിയിപ്പും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അവധി കഴിഞ്ഞ് ദുബൈയിലേക്ക് തിരിച്ചുപോകാനുള്ളവരും കുടുംബത്തോടെ യാത്രചെയ്യുന്നവരും ഉംറക്ക് പോകുന്നവരും കൂട്ടത്തിലുണ്ട്.

വീട്ടിലേക്ക് പോയി വരികയോ അല്ലെങ്കിൽ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിക്കുകയോ ചെയ്യാമെന്നാണ് അധികൃതർ ഏറ്റവുമൊടുവിൽ അറിയിച്ചത്. ടാക്സി വിളിച്ച് വീട്ടിലേക്ക് പോയി തിരിച്ചെത്തിയാലും പരമാവധി ആയിരം രൂപ മാത്രമേ അനുവദിക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്. 

Tags:    
News Summary - Air india express flight is delayed by 12 hours in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.