ലക്ഷ്യമിട്ടത്​ ഹഖിനെ വധിക്കാൻ; സി.സി.ടി.വി കാമറകൾ തിരിച്ചുവെച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത്​ വളരെ ആസൂത്രിതമായാണെന്ന്​ പൊലീസ്​. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി കാമറകൾ തിരിച്ചുവച്ചിരുന്നതായി കണ്ടെത്തി.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡി.വൈ.എഫ്​.ഐ പ്രവർത്തകരാണ്​ വെഞ്ഞാറമൂട് തേമ്പാംമൂട് കവലയിൽ ഞായറാഴ്​ച രാത്രി 12 ഓടെ കൊല്ലപ്പെട്ടത്​. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹഖ്​ മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട ഹഖ്​ മുഹമ്മദിനെ ലക്ഷ്യമിട്ടാണ്​ അക്രമികൾ സ്​ഥലത്തെത്തിയതെന്ന്​ പൊലീസ്​ നിഗമനം. ഇവർ തമ്മിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തിലെത്തിയതെന്ന്​ കരുതുന്നു.

കൊലപാതകത്തിൽ പ​ങ്കെടുത്തുവെന്ന്​ കരുതുന്ന ഷജിത്ത്​ അടക്കം അഞ്ച്​പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ‌ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറൽ എസ‌്.പി ബി.അശോകന്‍ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ബൈക്ക്​ തേമ്പാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

മിഥിലാജ് വെട്ടേറ്റസ്ഥലത്തും ഹഖ്​ ഗോകുലം മെഡിക്കൽ കോളജ്​ ആശുപത്രിയിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ തേമ്പാംമൂട് മേഖല സെക്രട്ടറി ഷഹീന്‍ പൊലീസിന് മൊഴി നൽകി. രാത്രി 11.30 ന് ഹഖിനെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. അക്രമിസംഘത്തില്‍ അഞ്ചിലധികംപേരുണ്ടെന്നാണ് നിഗമനം. ഇതില്‍ രണ്ടുപേര്‍ കഴിഞ്ഞ മേയ് മാസത്തില്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്.

ആസൂത്രണം ചെയ്​തത്​ യൂത്ത് കോൺഗ്രസ് -എ.എ. റഹീം

യൂത്ത് കോൺഗ്രസ് ആസൂത്രിതമായാണ്​ ഇരുവരെയും കൊലപ്പെടുത്തിയതെന്ന്​ ഡി.വൈ.എഫ്​.ഐ. ഉന്നതതലത്തിലുള്ള ഗൂഡാലോചനയുണ്ട്. ആറുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സജീവ് എന്ന കോൺഗ്രസുകാര​െൻറ നേത്യത്വത്തിലാണ് കൊല നടത്തിയതെന്ന് ഡി.വൈ.എഫ്​.ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടെയുണ്ടായിരുന്നവർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മാസം മുൻപ് ഇതേ സംഘം ഫൈസൽ എന്ന ഡി.വൈ.എഫ്​.ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുന്നുവെന്നും എ.എ റഹീം പറഞ്ഞു.

കൊലപാതകത്തിന്​ പിന്നിൽ സി.പി.​എമ്മിലെ കുടിപ്പക -ഡി.സി.സി

​​​വെഞ്ഞാറമൂട്​ ഇരട്ടക്കൊലക്ക്​ പിന്നിൽ സി.പി.എമ്മിലെ കുടിപ്പകയാണെന്ന്​ ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ ആരോപിച്ചു. ഡി.വൈ.എഫ്​.ഐ നേതാവ്​ സഞ്​ജയിനെ വെട്ടിയ കേസിൽ പ്രതിയാണ്​ കൊല്ലപ്പെട്ട മിഥിലാജ്​. ഇയാൾക്കെതിരെ ഇതിനുശേഷം നിരവധി കേസുകൾ ഉണ്ടെന്നും സനൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.