വിമാനത്തിൽ കയറുന്നതിനുമുമ്പ് രഞ്ജിത അമ്മയെ വിളിച്ചു; മരണം വീട് നിര്‍മാണം പുരോഗമിക്കുന്നതിനിടെ

പുല്ലാട് (തിരുവല്ല): അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത (38) വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് അമ്മയെ വിളിച്ചു. സര്‍ക്കാര്‍ ജോലിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് കാത്ത് നില്‍ക്കാതെയാണ് പുല്ലാട് ആറാം വാര്‍ഡ് കൊഞ്ഞോണ്‍ വീട്ടില്‍ പരേതനായ ഗോപകുമാരന്‍ നായരുടെ മകള്‍ രഞ്ജിത ജി. നായരുടെ വിയോഗം.

പുല്ലാട് സ്വദേശിനിയായ രഞ്ജിത യു.കെയിലെ പോട്‌സ് മൗത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്ത ശേഷമാണ് ലണ്ടനിലേക്ക് ജോലിക്ക് പോയത്. പുതിയ വീടിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. 

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് നിയമന ഉത്തരവ് ലഭിച്ചത്, അതും വീടിന് അടുത്തുള്ള കോഴഞ്ചേരി ജില്ല ആശുപത്രിയില്‍. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാട്ടിലെത്തിയതായിരുന്നു. ഈ സമയത്ത് വീടുപണി ഏറെക്കുറെ പൂര്‍ത്തീകരിച്ചു. തുടർന്ന് വീണ്ടും യു.കെയിലേക്ക് പോകാൻ കഴിഞ്ഞ ദിവസം വൈകുന്നേരം ചെങ്ങന്നൂരില്‍നിന്ന് െട്രയിനിൽ ചെന്നൈയിലേക്ക് യാത്രയായി. കണക്ടഡ് വിമാനത്തില്‍ അഹമ്മദാബാദിലെത്തുകയായിരുന്നു. തുടർന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പാണ് അമ്മയെ വിളിച്ചത്.

മൃതദേഹം അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഭര്‍ത്താവ് ദിനേശ് വിദേശത്താണ്. മക്കള്‍: ഇന്ദുചൂഡന്‍ (പുല്ലാട് എസ്.വി.എച്ച്.എസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി), ഇദിക (ഇരവിപേരൂർ ഒ.ഇ.എം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി).

Tags:    
News Summary - Ahmedabad Airplane Crash: Ranjitha called her mother before boarding the plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.