പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ 'കേരളവും പ്രവാസി സമൂഹവും' എന്ന വിഷയത്തില്‍ നോര്‍ക്ക സംഘടിപ്പിച്ച സെമിനാറിലെ ചര്‍ച്ച ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചർച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍ പ്രവാസി സമൂഹത്തെ സംബന്ധിച്ച നയരൂപവത്കരണത്തില്‍ പരിഗണിക്കുമെന്നും കേരളീയത്തിന്റെ ഭാഗമായി തയാറാക്കുന്ന നവകേരള വിഷന്‍ രേഖക്കായി സമര്‍പ്പിക്കുമെന്നും അദ്ദേഹം അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി സുസ്ഥിര തൊഴില്‍ അവസരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഇടപെടലില്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ ഇതിനകം തന്നെ ആലോചനയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.




ക്ഷേമ പെന്‍ഷന്‍ നിലവിലുണ്ടെങ്കിലും 60 കഴിഞ്ഞ പ്രവാസികളെ പ്രത്യേകമായി പരിഗണിക്കും. പ്രവാസിക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വിഹിതം നല്‍കണം എന്ന് സെമിനാറില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ച് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തും. പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിനു തയാറാക്കിയ ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്ഫോം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അടിസ്ഥാനസൗകര്യ വികസന രംഗത്ത് പ്രവാസി നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തും.

പ്രവാസിനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഡയസ്പോറ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഡയസ്പോറ ബോണ്ട് ആരംഭിക്കണമെന്ന് സെമിനാറില്‍ ഉയര്‍ന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ലോകത്തിന് കേരളം സംഭാവന ചെയ്ത പുതിയ മാതൃകയായ ലോകകേരളസഭ കൂടുതല്‍ വൈവിധ്യവത്കരിക്കും. പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തും. വിദ്യാര്‍ത്ഥി കുടിയേറ്റം മാനേജ് ചെയ്യുന്നതിന് സ്റ്റുഡന്റ്സ് ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായി ഇന്ത്യയില്‍ ഏറ്റവുമധികം സാമൂഹിക സുരക്ഷ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ആമുഖ ഭാഷണത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നോര്‍ക്ക ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല വിഷയാവതരണം നടത്തി. പഴയകാല ഗള്‍ഫ് പ്രവാസികള്‍ ജന്മനാടുമായുള്ള ബന്ധം മുറിയാതെ നിലനിര്‍ത്തുന്നതില്‍ ബദ്ധ ശ്രദ്ധരായിരുന്നുവെങ്കില്‍ ഇന്ന് ഗള്‍ഫിലെ രണ്ടാം തലമുറക്ക് ഈ വേര് നിലനിര്‍ത്താന്‍ താല്‍പര്യമില്ലെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായും ചര്‍ച്ചയില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ പ്രവാസികളും വിദഗ്ധരും പ്രവാസവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Tags:    
News Summary - Ahmed Devarkovil said that local self-government institutions will be involved for the welfare of non-resident families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.