തിരുവനന്തപുരം: സ്വർണപ്പണയത്തിൽ നൽകുന്ന കാർഷിക വായ്പകൾക്ക് നിയന്ത്രണം വരുന്നു. ഒക്ടോബർ ഒന്നുമുതൽ കാർഷിക വായ്പകളുടെ പലിശ സബ്സിഡി കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് നൽകും. പലിശ സബ്സിഡി ലഭ്യമാകുന്ന കാർഷിക വായ്പകൾ ഒക്ടോബർ ഒന്നുമുതൽ കിസാൻ ക്രെഡിറ്റ് കാർഡുള്ള കർഷകർക്കാണ് ലഭ്യമാകുന്നതെന്ന് ഉറപ്പാക്കാൻ പൊതുമേഖല ബാങ്കുകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി.
പൊതുമേഖല ബാങ്കുകളുടെ മാനേജിങ് ഡയറക്ടർമാരുമായി ധന-കൃഷി മന്ത്രാലയങ്ങളുടെ ഉന്നതർ ജൂലൈ 31ന് നടത്തിയ വിഡിയോ കോൺഫറൻസിലാണ് നിർദേശം വന്നത്. നിലവിലെ സ്വർണപ്പണയത്തിന്മേലുള്ള കൃഷി വായ്പ പദ്ധതി തുടരേണ്ടതില്ലെന്നാണ് ധാരണ. സ്വർണപ്പണയത്തിെൻറ പേരിൽ കാർഷിക വായ്പ ദുരുപയോഗം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സർക്കാറും ആവശ്യപ്പെട്ടിരുന്നു.
സ്വർണം ഈടാക്കി നൽകുന്ന കാർഷിക വായ്പകളിലൂടെ കർഷകർക്ക് ലഭിക്കേണ്ട പലിശ സബ്സിഡി വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നാണ് വിലയിരുത്തൽ. കേന്ദ്രസംഘം സംസ്ഥാനത്തെത്തി ഇതേക്കുറിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. സബ്സിഡി കൃഷി വായ്പ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് നൽകുമ്പോൾ സഹായം യഥാർഥ കർഷകർക്ക് ലഭ്യമാകുമെന്നതാണ് പുതിയ തീരുമാനത്തിെൻറ മെച്ചം.
കാർഷിക വായ്പക്ക് നാലുശതമാനം പലിശക്കാണ് കർഷകന് നൽകുന്നത്. അഞ്ചുശതമാനം പലിശ കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നൽകും. ഈ സബ്സിഡി സ്വർണപ്പണയ കൃഷി വായ്പയുടെ മറവിൽ വൻതോതിൽ അനർഹരുടെ കൈകളിലെത്തുന്നുവെന്ന് സംസ്ഥാന കൃഷിവകുപ്പ് കേന്ദ്ര കൃഷി മന്ത്രാലയെത്തയും റിസർവ് ബാങ്കിനെയും അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 80,000 കോടി രൂപ കൃഷി വായ്പായി സംസ്ഥാനത്ത് വിതരണം ചെയ്തതിൽ 60,000 കോടിയോളം സ്വർണ ഈടിന്മേലുള്ള വായ്പയാണ്. പലിശ സബ്സിഡിയായി ലഭിച്ച 2100 കോടിയോളം രൂപയിൽ വലിയൊരു തുക ഇൗ വായ്പകൾക്ക് ലഭിച്ചു. തുടർന്ന്, യഥാർഥ കർഷകർക്ക് വായ്പ ലഭ്യമാക്കാൻ ഇടപെടണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.