തിരുവനന്തപുരം: സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. ഇടുക്കിയിൽനിന്നുള്ള സി.പി.ഐ നേതാവ് ഗുരുനാഥൻ, സി.പി.എം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു. ഒരു മാസത്തോളമായി ബി.ജെ.പി നേതൃത്വവുമായി സജീവ ചർച്ചയിലായിരുന്നു രാജേന്ദ്രൻ. നേരത്തെ തിരുവനന്തപുരത്ത് എത്തി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നതെന്ന് രാജേന്ദ്രന്‍ പ്രതികരിച്ചു. ബിജെപിയിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകൾ വച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, മത്സരിക്കാൻ ആഗ്രഹമില്ല. ഹൈറേഞ്ചിലെ പ്രശ്നങ്ങൾ തീർക്കാൻ ഇടപെടുമെന്ന് ബി.ജെ.പി അധ്യക്ഷനിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല എന്നും രാജേന്ദ്രൻ പറഞ്ഞു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എം.എൽ.എ എ.രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയന്നിട്ടില്ല. ഉപദ്രവിക്കരുതെന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
2006, 2011, 2016 കാലയളവില്‍ ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സി.പി.എമ്മിന്റെ എം.എൽ.എ ആയിരുന്നു എസ്. രാജേന്ദ്രന്‍. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിൽ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ്. രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.