തിരുവനന്തപുരം: വിവിധ അന്വേഷണ ഏജൻസികൾക്ക് പിന്നാലെ വിജിലൻസിനെയും വിവരാവകാശ നിയമത്തിന് പുറത്തെത്തിക്കാൻ സർക്കാറിന്റെ തിരക്കിട്ട നീക്കം. സർക്കാർ പ്രതിക്കൂട്ടിലാകുന്ന അഴിമതിക്കഥകളും വിവാദ സംഭവങ്ങളും പുറത്തറിയുന്നത് തടയുകയാണ് ലക്ഷ്യം. വിവാദ കേസുകളുടെ വിവരങ്ങൾ വിവരാവകാശ നിയമത്തിലൂടെ പുറത്തുവരികയും മാധ്യമങ്ങളും പ്രതിപക്ഷവും ആയുധമാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽകൂടിയാണിത്.
തൃശൂർ പൂരം കലക്കൽ, എ.ഡി.എം നവീൻ ബാബുവിന്റെ മരണം തുടങ്ങിയ കേസുകളുടെ വിവരങ്ങൾ തേടി വലിയ തോതിലാണ് വിജിലൻസിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിക്കുന്നത്. കേസുകളിലെ അന്വേഷണ വിവരങ്ങൾ പുറത്തുപോകുന്നത് പ്രതികൾക്ക് ഗുണംചെയ്യുമെന്നും തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഫയലുകൾ രഹസ്യമെന്ന് പറഞ്ഞ് അപേക്ഷ മടക്കാൻ നീക്കം നടക്കുന്നത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത പശ്ചാത്തലത്തിൽകൂടിയാണ് സർക്കാർ നടപടി. തെരഞ്ഞെടുപ്പ് കാലത്ത് അഴിമതിക്കഥകളുടെ വിവരങ്ങൾ പുറത്തുവരുന്നതിനെയും ചർച്ചയാകുന്നതിനെയും സർക്കാർ ഭയക്കുന്നു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 24 പ്രകാരം വിവരം നൽകുന്നതിൽനിന്ന് ഒഴിവാക്കി വിജ്ഞാപനമിറക്കണമെന്ന് ജനുവരിയിൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് പുതിയ നീക്കം. നിയമവകുപ്പിൽനിന്ന് അനുകൂല നടപടിയുണ്ടായാൽ പൊതുഭരണ വകുപ്പ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചേക്കും. ഇതിനോടകം സി.ബി.ഐ, എൻ.ഐ.എ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇന്റലിജൻസ് ബ്യൂറോ, സ്പെഷൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, ജില്ല സ്പെഷൽ ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ് ബ്യൂറോ, ജി.എസ്.ടി ഇന്റലിജൻസ് തുടങ്ങിയവയെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.