പേരാമ്പ്ര: പന്തിരിക്കരയിലെ സൂപ്പിക്കടയിൽ നിപ വൈറസ് ബാധ ഉൾപ്പെടെ ദുരന്തങ്ങളെ മറയാക്കി ആത്മീയ വ്യാപാരത്തിന് ശ്രമം. ഇതിനായി സൂപ്പിക്കടയിലെ കുയ്യണ്ടം മഹല്ലിനു കീഴിലെ കപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മഖ്ബറയുടെ (ശവകുടീരം) നിർമാണം പുരോഗമിക്കുന്നു.
വർഷങ്ങൾക്കുമുമ്പ് ഇവിടെ ഒരു സൂഫിവര്യെൻറ മഖ്ബറ സംരക്ഷിച്ചിരുന്നെന്നും എന്നാൽ, പിന്നീട് ഇതിന് നാശംസംഭവിച്ചെന്നും ഇത് പ്രദേശത്തെ ദുരന്തഭൂമിയാക്കിയെന്നും പ്രചരിപ്പിച്ചാണ് പുതിയത് നിർമിക്കുന്നത്. ഒരാൾക്ക് ഇത്തരത്തിൽ സ്വപ്നദർശനമുണ്ടായെന്നു പറഞ്ഞാണ് മഖ്ബറ നിർമാണം തുടങ്ങിയത്. രാജ്യത്തെ ഞെട്ടിച്ച നിപ വൈറസ് ബാധയുടെ ഉത്ഭവം സൂപ്പിക്കടയിലായിരുന്നു. നിപ ബാധിച്ച് ഇവിടെ നാലുപേരാണ് മരിച്ചത്. വാഹനാപകടങ്ങളിലും ഇവിടെയുള്ളവർക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഈ ദുരന്തങ്ങൾക്ക് കാരണം കപ്പള്ളിയിലെ മഖ്ബറ സംരക്ഷിക്കാത്തതാണെന്നാണ് പ്രചരിപ്പിക്കുന്നത്. മഖ്ബറക്കായി ചുമർ കെട്ടി കട്ടിലവെച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും പിരിവുമുണ്ട്.
ഇതിനെതിരെ നാട്ടിൽ പ്രതിഷേധം ഉയരുന്നുണ്ട്. സൂഫിവര്യെൻറ ഖബറിടം ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിയില്ല. വസ്തുതാപരമായി തെളിവില്ലാത്ത ഒന്നിന് ആത്മീയ പരിവേഷം നൽകി കീശവീർപ്പിക്കാൻ ശ്രമിക്കുന്നവരെ തുറന്നെതിർക്കാൻ വിശ്വാസികൾ ആർജവം കാണിക്കണമെന്ന് വലിയൊരു വിഭാഗം നാട്ടുകാർ പറയുന്നു.
അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും വ്യാപക പ്രചാരണം നടക്കുന്നുണ്ട്. വിശ്വാസത്തെ ചൂഷണംചെയ്യുന്ന മഖ്ബറ നിർമാണത്തെ എതിർക്കണമെന്ന് കുയ്യണ്ടം മഹല്ല് ഖത്തീബ് സൈതലവി മദനി വൈള്ളമുണ്ട വെള്ളിയാഴ്ച ജുമുഅക്കുശേഷം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തങ്ങൾ ഉണ്ടായത് ഖബറിടം സംരക്ഷിക്കാത്തതു കൊണ്ടാണെങ്കിൽ അതു മുഴുവൻ പൊളിച്ചുമാറ്റുകയാണ് വേണ്ടതെന്നും പാവപ്പെട്ട വിശ്വാസികളുടെ ജീവനെടുക്കുന്ന ഖബറിടം ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.