ഉമർ ഫൈസി മുക്കം


ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽനിന്ന് പുറത്താക്കണം; സംയുക്ത പ്രസ്താവനയുമായി സുന്നി നേതാക്കൾ

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും നിരന്തരമായി പ്രചരിപ്പിക്കുകയാണ് സി.പി.എമ്മും ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത ചെയർമാൻ കെ.എസ്. ഹംസയും അംഗം ഉമ്മർ ഫൈസി മുക്കവുമെന്ന് സമസ്തയുടെ കീഴ്ഘടകങ്ങളുടെ നേതാക്കൾ കുറ്റപ്പെടുത്തി.

വഖഫ് ബോർഡിലെ ഒഴിവിലേക്ക് രണ്ട് ആർ.എസ്.എസുകാരെ നിയമിക്കാമെന്ന് യു.ഡി.എഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്ന പച്ചക്കള്ളം സി.പി.എം വേദിയിൽ പ്രസംഗിക്കുക വഴി കേരള മുസ്‍ലിംകളുടെ മുഖ്യധാരാ പണ്ഡിത സംഘടനയായ സമസ്തയെ പൊതുസമൂഹത്തിൽ അപമാനിതനാക്കിയ മുക്കം ഉമർ ഫൈസിയെ സമസ്ത മുശാവറയിൽനിന്ന് നീക്കം ചെയ്യണമെന്നും ഹമീദലി ശിഹാബ് തങ്ങൾ (എസ്.കെ.എസ്.എസ്.എഫ്), യു. മുഹമ്മദ് ഷാഫി ഹാജി, എം.സി. മായിൻ ഹാജി, അബ്‌ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുറഹിമാൻ കല്ലായി (എസ്.എം.എഫ്), പുത്തനഴി മൊയ്തീൻ ഫൈസി, കെ.പി. കോയ ഹാജി (എസ്.കെ.എം.എം.എ), നാസർ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബൂബക്കർ ബാഖവി മലയമ്മ (എസ്.വൈ.എസ്), അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ആർ.വി. കുട്ടി ഹസ്സൻ ദാരിമി, മലയമ്മ അബൂബക്കർ ഫൈസി (ജംഇയ്യത്തുൽ മുദരിസീൻ), കെ.സി. മുഹമ്മദ് ബാഖവി, അബ്ദുറഹിമാൻ ഫൈസി പാതിരമണ്ണ (ജംഇയ്യത്തുൽ ഖുത്വബാ), സലീം എടക്കര, അയ്യൂബ് കൂളിമാട് (എസ്. ഇ.എ), ഹംസ ഹാജി മൂന്നിയൂർ, എ.പി.പി. കുഞ്ഞമ്മദ് ഹാജി ചെന്തേര (സമസ്ത പ്രവാസി സെൽ) തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു .

കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴേക്കും അന്നത്തെ സംസ്ഥാന സർക്കാർ കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. മുൻകാലങ്ങളിൽ ജനാധിപത്യപരമായി മുതവല്ലിമാരുടെ പ്രതിനിധികൾക്ക് മത്സരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം ഒഴിവാക്കിയാണ് കേന്ദ്ര നിയമത്തിന്റെ മറപിടിച്ച് ധൃതിപ്പെട്ട് എൽ.ഡി.എഫ് സർക്കാർ പുനഃസംഘടന നടത്തിയത്. മുതവല്ലിമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ കാലങ്ങളോളമായി സമസ്തക്കാർ മാത്രമായതിനാൽ അവരെ തഴഞ്ഞ് തങ്ങൾക്ക് വഴങ്ങുന്നവരെ ഉൾപ്പെടുത്താനാണ് അന്ന് സർക്കാർ പെട്ടെന്ന് പുനഃസംഘടിപ്പിച്ചത്. എന്നാൽ രണ്ട് അമുസ്‍ലിംകൾ ബോർഡിൽ വേണമെന്ന നിയമത്തെ പിന്നീട് അംഗീകരിക്കേണ്ടിവരുമെന്ന് നിയമത്തെ പിന്തുണച്ചതിലൂടെ വ്യക്തമായിരുന്നു.

രണ്ടു അംഗങ്ങൾക്ക് ഒഴിവിട്ട് പുനഃസംഘടിപ്പിച്ചപ്പോൾ അമുസ്‍ലികളെ നിയമിക്കില്ലെന്ന് അന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. അമുസ്‍ലിംകളെ ബോർഡിൽ ഉൾപ്പെടുത്തി പുനഃസംഘടന പൂർത്തിയാക്കുന്നതിന് തങ്ങൾക്ക് വിരോധമില്ലെന്നാണ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയും ഉമ്മർ ഫൈസി മുക്കവും സുപ്രീകോടതിയെ അറിയിച്ചത്. കോടതിയിൽ ഇങ്ങിനെ സത്യവാങ്മൂലം നൽകുകയും പുറത്ത് രാഷ്‌ട്രീയ വേദികൾ സംഘടിപ്പിച്ച് അമുസ്‍ലിംകളെ ഇപ്പോഴത്തെ സർക്കാർ നിയമിക്കാൻ ശ്രമിക്കുന്നു എന്നാരോപിക്കുകയും ചെയ്യുന്ന കാപട്യം പണ്ഡിതന് മാത്രമല്ല ഒരു വിശ്വാസിക്ക് പോലും ചേർന്നതല്ല. ബോർഡ് മുഴുവനായി പുനഃസംഘടിപ്പിക്കാൻ കോടതി കേരള സർക്കാറിന് അനുമതി നൽകിയതോടെ നിലനിൽപ്പ് നഷ്ടപ്പെടുമെന്ന ഭയപ്പാടാണ് പരസ്പരവിരുദ്ധമായ പ്രസ്താവന നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നത്. സമസ്തയുടെ സൽപേരിന് കളങ്കം ചാർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതാരിക്കാൻ ആവശ്യവും ശക്തവുമായ നടപടികൾ അടിയന്തിരമായി നേതൃതലത്തിൽ നിന്നുണ്ടാകണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Umar Faizy Mukkam should be expelled from Samastha Mushavara; Joint statement by Sunni leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.