പി.വി. അൻവർ


‘എനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ...’; വെല്ലുവിളിച്ച് പി.വി. അൻവർ

കോഴിക്കോട്: തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂവെന്നും നമുക്ക് സംസാരിക്കാമെന്നും സംവാദവും ആവാമെന്നും പി.വി. അൻവർ.

ബേപ്പൂർ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്നെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതിനു പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവറിന്‍റെ വെല്ലുവിളി. കേരളത്തിന്‍റേതു കണക്കെ ഉൽബുദ്ധമായ ഒരു സമൂഹത്തിന്‍റെ മുന്നിൽ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രസ്താവനകൾ നടത്തുമ്പോഴും വസ്തുതകൾക്ക് വലിയ പ്രാധാന്യമുണ്ട്. സംഗതി രാഷ്ട്രീയം ആകുമ്പോൾ സ്ഥിതിവിവരക്കണക്കുകൾ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന നിലയിലുള്ള സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്?

നിലപാടിന് വേണ്ടി നിയമസഭയിൽ നിലമ്പൂരിൽ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് താൻ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോൾ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നത്. അന്ന് ലൈനും ലങ്ത്തും പിഴക്കാതെ താനറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കൈയടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്. താൻ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്. അക്കാലത്ത് അതായിരുന്നു തന്‍റെ വീടിന്‍റെ സ്വഭാവം. മത്സരങ്ങളിൽ ഓരോന്നിലും തന്‍റെ പങ്ക് നിർണായകമാണെന്നും കുറിപ്പിൽ പറയുന്നു. നേരത്തെ, ബേപ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചിരുന്നു. പേരാമ്പ്രയിലെ സ്വീകരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബേപ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെടുമെന്ന് താന്‍ തുടക്കത്തിൽ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, മറ്റൊരു സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസിനെ അനായാസം പരാജയപ്പെടുത്താമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പിഴവാണ് ആ സീറ്റ് നഷ്ടപ്പെടാൻ കാരണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ കെ. പ്രവീണ്‍ കുമാര്‍ അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്ന അതേ വേദിയിലാണ് മുല്ലപ്പള്ളിയുടെയും പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

കേരളത്തിൻ്റേതു കണക്കെ ഉൽബുദ്ധമായ ഒരു സമൂഹത്തിൻ്റെ മുന്നിൽ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രസ്താവനകൾ നടത്തുമ്പോഴും വസ്തുതകൾക്ക് വലിയ പ്രാധാന്യമുണ്ട്.

സംഗതി രാഷ്ട്രീയം ആകുമ്പോൾ സ്ഥിതിവിവരക്കണക്കുകൾ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നു.

നിയമനിർമ്മാണ സഭകളിലേക്കുള്ള മത്സരാർത്ഥി എന്ന നിലയിൽ ഞാൻ ആദ്യമായി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 2011ലാണ്.അന്ന് ആകെ പോൾ ചെയ്ത വോട്ട് 114444 ആയിരുന്നു.അതിൽ നിന്നും 47452 വോട്ടുകൾ നേടി സ്വതന്ത്ര സ്ഥാനാർത്ഥിയായ ഞാൻ രണ്ടാമതെത്തി.വിജയിച്ച സ്ഥാനാർത്ഥിയുമായി 11246 വോട്ടുകളുടെ മാറ്റമാണ് ആകെ ഉണ്ടായിരുന്നത്.41.47 ശതമാനം വോട്ടുകളാണ് എനിക്ക് കരസ്ഥമാക്കാൻ സാധിച്ചത്.

പിന്നീട് 2014ൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടി.ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച എനിക്ക് 37123 വോട്ടുകൾ ലഭിച്ചു.

ഈ രണ്ടു മത്സരവും തീർത്തും സ്വതന്ത്രൻ എന്നുള്ള നിലയിൽ ആയിരുന്നു.

2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ ഞാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.77858 വോട്ടുകൾ നേടി 11504 വോട്ടുകൾക്കായിരുന്നു അന്ന് എൽഡിഎഫിന്റെ വിജയം.47.91% വോട്ടുകളാണ് എനിക്ക് ലഭിച്ചത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൽഎ ആയിരിക്കെ തന്നെ ഞാൻ മത്സരിച്ചു.പൊന്നാനിയിൽ അന്ന് പരാജയപ്പെട്ടെങ്കിലും 328551 വോട്ടുകൾ ഞാൻ കരഗതമാക്കി.

2021ൽ വീണ്ടും നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയപ്പോൾ 81,227 വോട്ടുകൾ നേടി ഒരിക്കൽ കൂടി ഞാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ പറഞ്ഞതിന്റെ ബാക്കി ആവർത്തിക്കട്ടെ,കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന നിലയിലുള്ള സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്?

നിലപാടിന് വേണ്ടി നിയമസഭയിൽ നിലമ്പൂരിൽ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് ഞാൻ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോൾ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നത്.

അന്ന് ലൈനും ലങ്ത്തും പിഴക്കാതെ ഞാനറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിംഗ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്.

ഞാൻ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്.അക്കാലത്ത് അതായിരുന്നു എൻ്റെ വീടിൻ്റെ സ്വഭാവം.എന്നാൽ ഞാൻ മുമ്പ് സൂചിപ്പിച്ച മത്സരങ്ങളിൽ ഓരോന്നിലും എൻ്റെ പങ്ക് നിർണായകമാണ്.

എനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ ...നമുക്ക് സംസാരിക്കാം...സംവാദവും ആവാം....

പി വി അൻവർ

Full View
Tags:    
News Summary - PV Anwar challenges Congress Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.