ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ അഫ്സാന ആശുപത്രിയിൽ

ചാരുംമൂട്: നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന്​ മൊഴി നൽകിയ ഭാര്യ അഫ്സാനയെ ജാമ്യം ലഭിച്ച് ജിയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലിൽനിന്നിറങ്ങിയ അഫ്സാനയെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലാണ് രാത്രിയോടെ പ്രവേശിപ്പിച്ചത്.

ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴി കളവാണെന്ന്​ തെളിഞ്ഞതിന്​ പിന്നാലെ അഫ്​സാനക്ക്​ ശനിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച അഫ്​സാന നേരത്തെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു​. കസ്റ്റഡിയിൽ ​ക്രൂരമായി മർദിച്ചെന്നും നൗഷാദിനെ കൊലപ്പെടുത്തിയെന്ന്​ പൊലീസ്​ തന്നെ തല്ലി ​പറയിപ്പിച്ചതാണെന്നുമാണ്​ ആരോപണം.

രണ്ടുദിവസം തുടർച്ചയായി വനിത പൊലീസ്​ ഉൾപ്പെടെ മർദിച്ചു. പിതാവിനെയടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തി. ഡിവൈ.എസ്.പി തെറി വിളിച്ചു. പലതവണ പെപ്പർ സ്​പ്രേ അടിച്ചു. മർദനം സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ്​ ഭർത്താവിനെ കൊ​​ന്നെന്ന്​ സമ്മതിച്ചത്​. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഫ്​സാന വ്യക്​തമാക്കി. പൊലീസ് തല്ലിയ പാടുകളും ഇവർ കാണിച്ചിരുന്നു.

‘‘തനിക്കിനിയും ജീവിക്കണം. നൗഷാദിന്‍റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദിക്കാറുണ്ടായിരുന്നു. വലിയ പീഡനങ്ങൾ താനും കുട്ടികളും നേരിട്ടു. സംഭവദിവസം രാവിലെ നൗഷാദ് പരുത്തിപ്പാറയിൽനിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പൊലീസിനോട് പറഞ്ഞു. എന്നിട്ടും പൊലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മർദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റത്​. ഭക്ഷണം പോലും തന്നില്ല. വൈദ്യസഹായം ലഭ്യമാക്കിയില്ല. പൊലീസിന്‍റെ നിർദേശപ്രകാരമാണ് താൻ വാടക വീടിനുള്ളിലും പുരയിടത്തിലും സ്ഥലങ്ങൾ കാണിച്ചുകൊടുത്തത്. നൗഷാദിനെ താന്‍ മര്‍ദിച്ചുവെന്നത് കള്ളമാണ്. വാടക വീട് കുത്തിപ്പൊളിച്ചത് താൻ അറിഞ്ഞതുപോലുമില്ല.’’ -അഫ്​സാന പറഞ്ഞു.

ഒരു വർഷം മുമ്പാണ് നൗഷാദിനെ പത്തനംതിട്ട കൂടൽ വരുത്തിപ്പാറയിലെ വാടക വീട്ടിൽനിന്ന് കാണാതായത്. ഇയാളെ ഭാര്യ അഫ്സാന കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് സമ്മതിച്ചതായി പൊലീസ് പറയുകയും മൃതദേഹം കണ്ടെത്താനായി അഫ്സാനയുമായി പലയിടത്തും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പിറ്റേ ദിവസമാണ് നൗഷാദിനെ തൊടുപുഴ തൊമ്മൻകുത്തിലെ എസ്റ്റേറ്റിൽ കണ്ടെത്തിയത്. പൊലീസിനെ വഴിതെറ്റിച്ചുവെന്ന വകുപ്പ്​ ചുമത്തി അഫ്സാനക്കെതിരെ കേ​സെടുത്തിട്ടുണ്ട്​.

Tags:    
News Summary - Afsana in the hospital after being released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.