എതിർപ്പുകൾ പാളി: അഡ്വ. യു. പ്രതിഭ എം.എൽ.എ സി.പി.എം ജില്ല കമ്മിറ്റിയിൽ

കായംകുളം: വിവാദങ്ങൾ മുൻനിർത്തി വെട്ടിനിരത്താനായി നടത്തിയ നീക്കങ്ങളെ അതിജയിച്ച് അഡ്വ. യു. പ്രതിഭ എം.എൽ.എ സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റിയിൽ ഇടംനേടിയത് എതിരാളികൾക്ക് തിരിച്ചടിയായി. സജി ചെറിയാൻ പക്ഷത്തിന്‍റെ ഉറച്ച പിന്തുണയും സംസ്ഥാന നേതൃത്വത്തിന്‍റെ ആശിർവാദവുമാണ് എതിർപ്പുകളെ മറികടക്കാൻ പ്രതിഭയെ സഹായിച്ചത്.

എം.എൽ.എയായ ഘട്ടം മുതൽ പ്രതിഭക്ക് എതിരായിരുന്ന അഡ്വ. എൻ. ശിവദാസനെ ഒഴിവാക്കിയ കമ്മിറ്റിയിലാണ് ഉൾപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. സമ്മേളന കാലയളവിൽ മകന്‍റെ കഞ്ചാവ് കേസ് ഉയർത്തിക്കാട്ടിയതും ജില്ല കമ്മിറ്റിയിൽ ഇടംപിടിക്കാനുള്ള സാധ്യത തടയാനായിരുന്നുവെന്ന ചർച്ചയും ഉയർന്നിരുന്നു. പാർട്ടിയിലെ എതിരാളികളാണ് ഒറ്റുകാരായതെന്നായിരുന്നു സംസാരം.

എന്നാൽ, വിഷയത്തിൽ പ്രതിഭയെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രി സജി ചെറിയാൻ സ്വീകരിച്ചത്. പ്രതിഭക്ക് അനുകൂലമായി സജി ചെറിയാൻ നടത്തിയ പ്രസംഗം വിവാദമാകുകയും ചെയ്തിരുന്നു. അതേസമയം, സമ്മേളന വിവരങ്ങൾ പങ്കുവെക്കാനായി ജില്ല സെക്രട്ടറി നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിഭയുടെ വാദങ്ങളെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിലൂടെ വിഷയത്തെ കത്തിച്ചുനിർത്തി സമ്മേളനത്തിൽ ചർച്ചയാക്കുകയായിരുന്നു ലക്ഷ്യമെന്ന് പറയപ്പെടുന്നു. എന്നാൽ, സെക്രട്ടറിയുടേത് അനവസരത്തിലെ പ്രയോഗമാണെന്നായിരുന്നു പ്രതിഭ അനുകൂലികളുടെ വാദം. മുഖംനോക്കാതെ നിലപാട് പറയുന്ന പ്രതിഭ കമ്മിറ്റിയിൽ എത്തരുതെന്ന വാശിയുള്ളവരാണ് വിവാദങ്ങളുണ്ടാക്കിയതെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിലാണ് എതിർപ്പുകളെ അവഗണിച്ച് നേതൃത്വത്തിന്‍റെ പിന്തുണയിൽ പ്രതിഭ എം.എൽ.എ ജില്ല കമ്മിറ്റിയിൽ ഇടംകണ്ടെത്തിയിരിക്കുന്നത്.

Tags:    
News Summary - Adv U. Pratibha MLA in CPM Alappuzha district committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.