കൊച്ചി: മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും സമാധാനപരവും മാന്യവുമായ ജീവിതം ഉറപ്പുവരുത്താൻ അനിവാര്യഘട്ടങ്ങളിൽ മക്കളെ വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ജില്ല കലക്ടർക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന നിയമത്തിലെ 19 (2)(1) വ്യവസ്ഥ പ്രകാരം ഇത് സാധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സതീശ് നൈനാെൻറ ഉത്തരവ്. എന്നാൽ, ഈ വ്യവസ്ഥ നടപ്പാക്കുന്നത് അതീവ ജാഗ്രതയോടെ വേണം.
സഹോദരങ്ങൾ തമ്മിലെ സ്വത്ത് തർക്കത്തിന് ഇൗ വ്യവസ്ഥ ആയുധമാക്കരുത്. മാന്യവും സമാധാനപരവുമായി ജീവിക്കാൻ വീടിെൻറ മുകൾ നിലയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശിയായ 80 കാരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നേരത്തേ ഇതേ നിയമം ചൂണ്ടിക്കാട്ടി മകനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതിക്കാരന് സമാധാനപരമായി ജീവിക്കാൻ മുകൾനിലയിൽ താമസിക്കുന്ന മകനെ ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു കലക്ടറുടെ ഉത്തരവ്.
മാസംതോറും മകൻ പരാതിക്കാരന് 5000 രൂപ വീതം ചെലവിന് നൽകാനും കഴിഞ്ഞ മാർച്ച് 12 ലെ ഉത്തരവിൽ നിർദേശിച്ചു. തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. സീനിയർ സിറ്റിസൺസ് വെൽഫെയർ ആക്ട് പ്രകാരം തന്നെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ഹരജിയിൽ എതിർ കക്ഷിയായ മകെൻറ വാദം.
എന്നാൽ, ഈ വാദം തള്ളിയ കോടതി കലക്ടറുടെ ഉത്തരവ് റദ്ദാക്കുകയും കക്ഷികളെ വീണ്ടും കേട്ട് വിഷയം പുനഃപരിശോധിച്ച് തീർപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു. അനുകൂല ഉത്തരവാണെങ്കിൽ നടപടി അനിവാര്യ ഘട്ടത്തിലാണെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.