പുകഞ്ഞുതുടങ്ങിയിട്ട് നാളുകൾ; എം.കെ. മുനീറിനെയും വലിച്ചിഴച്ചു; പൊട്ടിത്തെറിക്ക് പ്രകോപനം സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനം

തിരുവനന്തപുരം: നാളുകളായി കോൺഗ്രസിനുള്ളിൽ പുകയുന്ന അസ്വസ്ഥതകൾക്കൊടുവിലെ പൊട്ടിത്തെറിയാണ് അടൂർ പ്രകാശിലൂടെ പുറത്തുവന്നത്. സാംസ്കാരിക സ്ഥാപനങ്ങളിലെ അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ഒരുവിഭാഗത്തിന്‍റെ അതൃപ്തികളും ഈ വെടിപൊട്ടലിന് പ്രേരകമായി.

സാംസ്‌കാരിക സ്ഥാപനങ്ങളിലെ അധ്യക്ഷ നിയമനങ്ങൾ കോൺഗ്രസ് പാർട്ടി വേദികളിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് തീരുമാനിച്ചതെന്നാണ് കെ.സി. പക്ഷത്തിന്റെ ആരോപണം. സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ, കെ.സി. വേണുഗോപാലിനെതിരെ പരസ്യമായി വിമർശനമുന്നയിച്ചയാളാണ്.

മുഴുസമയ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ അഭാവത്തിൽ സ്വന്തം അടിത്തറ ശക്തിപ്പെടുത്തി പാർട്ടിയിലും സർക്കാറിലും അതികായനായി വി.ഡി. സതീശൻ വളരുന്നതിൽ മറുവിഭാഗങ്ങളിൽ വലിയ അതൃപ്തിയുണ്ട്.

നിരവധി ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഇനിയുമുണ്ട്. ഇവിടങ്ങളിൽ സതീശൻ സ്വന്തം താൽപര്യമനുസരിച്ച് തീരുമാനമെടുക്കുമെന്ന ആശങ്കയാണ് മറുചേരികൾക്ക്. ഭരണപരമായ തീരുമാനങ്ങൾ പാർട്ടിയിലെ ഗ്രൂപ്പ് താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ ശക്തമായ നിലപാടും എതിർപക്ഷങ്ങൾക്ക് തലവേദനയായിട്ടുണ്ട്.

എം.കെ. മുനീറിന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം നൽകിയത് അപ്രതീക്ഷിത തീരുമാനമല്ല. എന്നാൽ, നിർണായക ഘട്ടത്തിൽ ഇത് അടൂർ പ്രകാശ് പ്രശ്നവത്കരിച്ചതിലൂടെ മറ്റു ചില വ്യാഖ്യാനങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. ലീഗിന് ആറാം മന്ത്രിയെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തുന്ന പശ്ചാത്തലത്തിൽ അത്തരം ആരോപണങ്ങൾക്ക് എണ്ണപകരുന്നതാണ് അടൂർ പ്രകാശിന്‍റെ പരാമർശങ്ങളെന്നാണ് വിലയിരുത്തൽ.

മുനീറും ദേവരാജനും കാബിനറ്റ് റാങ്കിന് അർഹരാണെന്നും താനുന്നയിച്ചത് കൂടിയാലോചനയുടെ പ്രശ്നമാണെന്നും അടൂർ പ്രകാശ് അടിവരയിടുമ്പോഴും ഇതുപയോഗിച്ച് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദത്തിന് സമാനമായ ചർച്ചകൾക്ക് വഴിതുറക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. അന്ന് സർക്കാരിനെ മുസ്‍ലിം ലീഗ് ഹൈജാക്ക് ചെയ്തുവെന്നാരോപിച്ച് എൻ.എസ്.എസ് ഉൾപ്പെടെ സമുദായ സംഘടനകളും ബി.ജെ.പിയും ശക്തമായി രംഗത്തുവന്നിരുന്നു.

എം.കെ. മുനീറിന് നൽകിയത് മന്ത്രിസഭ അംഗത്വമല്ല. മറിച്ച് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ എന്ന നിലയിലുള്ള കാബിനറ്റ് പദവിയാണ്. വി.എസ്. അച്യുതാനന്ദൻ വഹിച്ചിരുന്ന പദവിയാണ്.

വസ്തുതകൾ ഇതാണെങ്കിലും മുനീറിന് നൽകിയ പദവിയിൽ മുന്നണിക്കുള്ളിൽ അതൃപ്തിയെന്ന പ്രതീതിയാണ് അടൂർ പ്രകാശിന്‍റെ പരാമർശങ്ങളോടെ ഉണ്ടായത്. മുനീറിന്റെ കാബിനറ്റ് പദവിയെ ‘ആറാം മന്ത്രി’ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് അതേ വിവാദം വീണ്ടും കുത്തിപ്പൊക്കാനാണ്.

Tags:    
News Summary - Adoor Prakash outburst reveals unrest in Congress over cultural appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.