സി.എച്ച്​ ഓവർ ​ബ്രിഡ്ജ്

കോഴിക്കോട്ടെ ആദ്യ മേൽപാലം നന്നാക്കാൻ ഭരണാനുമതി

കോഴിക്കോട്: അപകടാവസ്ഥയിലായ, നഗരത്തിലെ ആദ്യ മേൽപാലം സി.എച്ച്. മുഹമ്മദ് കോയ ഫ്ലൈഓവർ ബ്രിഡ്ജ് 4.22 കോടി ചെലവിൽ നവീകരിക്കാൻ ഭരണാനുമതി. പാലത്തിന്‍റെ സ്ലാബിന്‍റെ ഭാഗം അടർന്നുവീണതിനെ തുടർന്ന് അടിയന്തരമായി നന്നാക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിരുന്നു.

ഈ സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ടാണ് നവീകരണത്തിന് നടപടിയായത്. ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. ഹൈവേ ബ്രിഡ്ജസ് ആൻഡ് റിസർച്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പണിയുടെ മികവുകുറവ് കാരണം 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായി കണ്ടെത്തിയിരുന്നു.

പാലത്തിനടിയിൽ മാലിന്യവും മറ്റും തീയിട്ട് കത്തിച്ചതിനാൽ ചൂടും വലിയ വാഹനങ്ങൾ പാലത്തിനടിയിലിടിച്ചതും മറ്റു കാരണങ്ങളായി കണ്ടെത്തിയിരുന്നു. മൊത്തം പാലം പൊളിച്ചുമാറ്റേണ്ടെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽ പലയിടത്തും ചോർച്ചയുമുണ്ട്.

1984ൽ മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ്ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമായി നിർമിച്ച മേൽപാലം നഗരത്തിനു പുതുമയായിരുന്നു.

അതിനുമുമ്പ് ഒന്നാം ഗേറ്റിന് കുറുകെ പണിത ഓവർബ്രിഡ്ജ് മാത്രമായിരുന്നു നഗരത്തിലുണ്ടായിരുന്നത്. എന്നാൽ, സി.എച്ച് മേൽപാലം വന്നപ്പോൾ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടന്നുപോവുന്ന സംവിധാനം കേരളത്തിൽതന്നെ അപൂർവമായിരുന്നു.

വ്യാപാരികൾക്ക് ആശങ്ക തുടരുന്നു

പാലം അപകടാവസ്ഥയിലായതിനൊപ്പം അത് നന്നാക്കുന്നതിനുമുമ്പുള്ള സർക്കാർ നടപടികളും മേൽപാലത്തിനടിയിലെ 63 മുറികളിലായുള്ള വ്യാപാരികളെ ആശങ്കയിലാക്കുന്നു. 51 വ്യാപാരികളാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് പണിത പാലത്തിനടിയിൽ വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ കരാർ നൽകിയത് കോർപറേഷനാണ്.

കോർപറേഷന് വരുമാനമെന്ന നിലയിലാണ് കൗൺസിലർമാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. 1985ൽ കടക്കാർക്ക് ടെൻഡർ പ്രകാരം 10 കൊല്ലത്തേക്കായിരുന്നു കടകൾ ആദ്യ ഘട്ടത്തിൽ അനുവദിച്ചത്.

പിന്നീട് മൂന്നു കൊല്ലക്കാലത്തേക്കു വീതം വർധനയോടെ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കച്ചവടക്കാർ ഒഴിയണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പും കോർപറേഷനും നോട്ടീസ് നൽകിയിരുന്നതായി വ്യാപാരികൾ പറയുന്നു. മുറി തിരിച്ചുകൊടുക്കുമെന്ന് ഉറപ്പ് ലഭിച്ചുമില്ല.

ഇതിനെതിരെ വ്യാപാരികൾ നൽകിയ ഹരജിയിൽ ഭരണാനുമതിയും സാങ്കേതികാനുമതിയുമില്ലാതെ ഒഴിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു.

ബാങ്ക് റോഡിൽനിന്ന് കണ്ണൂർ റോഡ് വരെ ആദ്യഘട്ടമായും റെയിൽവേ ട്രാക്ക് വരെ രണ്ടാം ഘട്ടമായും ചെറൂട്ടി റോഡ് വരെ അവസാന ഘട്ടവുമായി മൂന്നു തവണയായി പണി തീർത്ത് വ്യാപാരികളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സി.എച്ച്. ഫ്ലൈഓവർ ബ്രിഡ്ജ് യൂനിറ്റ് പ്രസിഡന്‍റ് എ. ഹരികൃഷ്ണൻ, ജനറൽ കൺവീനർ ബേബി കിഴക്കേഭാഗം എന്നിവർ ആവശ്യപ്പെട്ടു. ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ പുനരധിവാസത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയാണെന്നും അവർ ആരോപിച്ചു.

Tags:    
News Summary - Administrative permission to repair the first flyover in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.