തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് സർക്കാർ ആവിഷ്കരിച്ച വയനാട് ടൗണ്‍ഷിപ് പദ്ധതിക്ക് മന്ത്രിസഭ യോഗം ഭരണാനുമതി നല്കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി. കിഫ്ബിക്ക് കീഴിലുള്ള കൺസൾട്ടൻസി കമ്പനിയാണ് കിഫ്കോൺ.
വയനാട്ടിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗൺഷിപ് പദ്ധതിക്ക് കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി തറക്കല്ലിട്ടിരുന്നു. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. കല്പറ്റ ബൈപാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിർമിക്കുന്നത്.
പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടിന്റെ ഭാഗമായി ഉള്‍പ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അംഗൻവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ നിർമിക്കും.
ക്ലാസ് മുറി, കളിസ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, അടുക്കള, അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അംഗൻവാടിയില്‍ നിർമിക്കുന്നത്. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപണ്‍ എയര്‍ തിയറ്റര്‍ എന്നിവ കമ്യൂണിറ്റി സെന്ററില്‍ നിർമിക്കും.
ടൗൺഷിപ് പദ്ധതിക്കായി എൽസ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് 17 കോടി രൂപ ഹൈകോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച വയനാട് ജില്ല കലക്ടറുടെ നടപടി മന്ത്രിസഭ യോഗം സാധൂകരിച്ചു. എൽസ്റ്റൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിൽ 17 കോടി രൂപ കെട്ടിവെക്കാൻ ഏപ്രിൽ 11ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം ജില്ല കലക്ടറുടെ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ നിന്നാണ് തുക നിക്ഷേപിച്ചത്. കലക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും മന്ത്രിസഭ യോഗം സാധൂകരിച്ചു. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച 26.5 കോടി രൂപ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉടമകളുടെ ഹരജിയിലാണ് 17 കോടി രൂപ കൂടി കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടത്. ടൗണ്‍ഷിപ് പദ്ധതിയുമായി ബന്ധപ്പെട്ട്, കോണ്‍ട്രാക്ടറായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് മുന്‍കൂര്‍ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ് സ്പെഷല്‍ ഓഫിസര്‍ക്ക് അനുവദിക്കാനും തീരുമാനിച്ചു. സ്പെഷല്‍ ഓഫിസറും ഇ.പി.സി കോണ്‍ട്രാക്ടറും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്ന മുറക്കായിരിക്കും തുക അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.