ആദിവാസി വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്: ആദിവാസി വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മെഡിക്കൽ കോളജിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് സഹോദരങ്ങൾ. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും പട്ടികജാതി -ഗോത്ര കമീഷനും മെഡിക്കൽകോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

മൃതദേഹം തൂങ്ങി നിൽക്കുന്നത് ബന്ധുക്കളാരും കണ്ടിട്ടില്ലെന്നും പോസ്റ്റ്‍‍മോർട്ടം നടത്താൻ തങ്ങളാരും ഒപ്പിട്ടുകൊടുത്തിട്ടില്ലെന്നും  തങ്ങളുടെ അനുവാദമില്ലാതെയാണ് പോസ്റ്റ്‍‍മോർട്ടം നടത്തിയതെന്നും  വിശ്വനാഥന്റെ ശരീരത്തിൽ ഷർട്ട് ഉണ്ടായിരുന്നില്ലെന്നും സഹോദരൻ പറഞ്ഞു. ഭാര്യയുടെ പ്രസവത്തിനായാണ് വയനാട്ടിൽ നിന്നും വിശ്വനാഥൻ മെഡിക്കൽ കോളജിലെത്തിയത് .ശനിയാഴ്ച പുലർച്ചെ മുതൽ വിശ്വനാഥനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൾ കോളജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പണവും മൊബൈലും മോഷ്ടിച്ചെന്നാരോപിച്ച്  മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നെന്നും മറ്റൊരു പ്രശ്‌നവും വിശ്വനാഥനില്ലെന്നും ബന്ധുക്കൾ പറഞ്ഞു.മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് സങ്കടപ്പെട്ട വിശ്വനാഥൻ മതിൽ ചാടിക്കടന്ന് പുറത്തേക്ക് പോവുകയായിരുന്നെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്.

ആദിവാസി യുവാവിനെതിരെ ആൾക്കൂട്ട മർദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തിൽ കയറ് കുരുങ്ങിയ പാടുകളാണ് കണ്ടത്. യുവാവിന് മേൽ മോഷണ കുറ്റം ആരോപിച്ചെങ്കിലും പരാതിക്കാർ ഇല്ലെന്നും പൊലീസ് പറഞ്ഞു.മോഷണം നടന്നെന്ന പരാതി വന്നപ്പോൾ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതാണെന്നും ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആശുപത്രിയിലുള്ള പട്ടികവർഗ പ്രമോട്ടർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. 

മെഡിക്കൽകോളജ് അധികൃതർ പലതും ഒളിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിശ്വനാഥന്റെ മൊബൈൽ മോഷ്ടിച്ചുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് പൈസ മോഷ്ടിച്ചുവെന്ന് പറഞ്ഞു. ഒടുവിൽ പൊലീസ് പറഞ്ഞത് മാല മോഷ്ടിച്ചുവെന്നാണ്. ബന്ധുക്കളെ സി.സി.ടി.വി ദൃശ്യങ്ങൾ കാണിച്ചിട്ടില്ല. സംഭവം നടന്ന സ്ഥലത്ത് സിസി.ടിവി  ഇല്ലെന്നാണ് പറയുന്നത്. സംഭവം വിവാദമായതോടെ പൊലീസ് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. 



Tags:    
News Summary - Adivasi Vishwanath's death is mysterious, relatives say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.