അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ, മരിച്ച ബിജു

അടിമാലി മണ്ണിടിച്ചിൽ: ഗുരുതര പരിക്കേറ്റ സന്ധ്യക്ക് അടിയന്തര ധനസഹായം

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ മണ്ണിടിച്ചിലിൽ ഗുരുതര പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന സന്ധ്യക്ക് അടിയന്തര ധനസഹായം. അടിമാലി ക്ഷീര സഹകരണ സംഘമാണ് 50,000 രൂപ ധനസഹായം നൽകുന്നത്. ക്ഷീര സഹകരണ സംഘത്തിലെ താൽകാലിക ജീവനക്കാരിയാണ് സന്ധ്യ.

വളരെ കൃത്യതയോടെ ജോലി ചെയ്തിരുന്ന ജീവനക്കാരിയായിരുന്നു സന്ധ്യയെന്ന് അടിമാലി ക്ഷീര സഹകരണ സംഘം പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു. ആറു വർഷമായി ജോലി ചെയ്തു വരുന്നു. ഭർത്താവ് ബിജുവുമായും അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുന്നിടിഞ്ഞ് റോഡിന് താഴെയുള്ള നാലു വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ലക്ഷം വീട് നിവാസിയായ ബിജുവും ഭാര്യ സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. ആറര മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ ബിജുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കോൺക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്. കാലിന് ഗുരുതര പരിക്കേറ്റ സന്ധ്യ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ബിജു-സന്ധ്യ ദമ്പതികളുടെ മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയാണ്. മകൻ ഒരു വർഷം മുമ്പ് അർബുദം ബാധിച്ച് മരിച്ചിരുന്നു.

ശനിയാഴ്ച പകൽ ഉന്നതി കോളനിക്ക് മുകൾ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് 22ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപാർപ്പിച്ചിരുന്നു.

Tags:    
News Summary - Adimali landslide: Milk Society provides emergency financial assistance to injured Sandhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.