മണ്ണിടിച്ചിലിൽ മരിച്ച ബിജു

അടിമാലി മണ്ണിടിച്ചിൽ: ബിജുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ്

അടിമാലി (ഇടുക്കി): കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ച ബിജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് തറവാട് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അപകടം നടന്ന അടിമാലി ലക്ഷം വീടിന് സമീപത്താണ് തറവാട് വീടുള്ളത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കൂമ്പൻപാറയിലെ തറവാട് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചു.

അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിക്കാനായി കൂമ്പൻപാറയിലേക്ക് എത്തിക്കാനാണ് ശ്രമം. ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കൂടാതെ, കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയായ മകൾ അടിമാലിയിൽ എത്തേണ്ടതുണ്ട്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുന്നിടിഞ്ഞ് റോഡിന് താഴെയുള്ള നാലു വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ലക്ഷം വീട് നിവാസിയായ ബിജുവും ഭാര്യ സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. ആറര മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ ബിജുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കോൺക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്. കാലിന് ഗുരുതര പരിക്കേറ്റ സന്ധ്യ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ബിജു-സന്ധ്യ ദമ്പതികളുടെ മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയാണ്. മകൻ ഒരു വർഷം മുമ്പ് അർബുദം ബാധിച്ച് മരിച്ചിരുന്നു.

ശനിയാഴ്ച പകൽ ഉന്നതി കോളനിക്ക് മുകൾ ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് 22ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപാർപ്പിച്ചിരുന്നു. അവശ്യസാധനങ്ങൾ എടുക്കാൻ ബിജുവും ഭാര്യ സന്ധ്യയും വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

‘വലിയ ശബ്ദം കേട്ടു, പിന്നാലെ ചേച്ചിയുടെ കരച്ചിലും; ഓടി രക്ഷപ്പെടാൻ തോന്നിയില്ല, സ്ഥലത്താകെ പൊടിപടലം’

അടിമാലി: ഒരാളുടെ ജീവൻ നഷ്ടപ്പെട്ട കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയപാതക്കായി മണ്ണ് നീക്കം ചെയ്തതിനെ തുടർന്നാണ് വിള്ളൽ ഉണ്ടായതെന്ന് അപകടത്തിൽ മരിച്ച ബിജുവിന്‍റെ സഹോദരിയും അയൽവാസിയുമായ അഞ്ജു പറയുന്നു.

'ഒമ്പതേമുക്കാലിനും പത്തരക്കും ഇടയിലാണ് അപകടം സംഭവിച്ചത്. എല്ലാവരോടും മാറി താമസിക്കാൻ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. വീട് അത്ര സുരക്ഷിതമല്ലെന്ന് ബിജു ചേട്ടൻ പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഇവിടെ താമസിക്കേണ്ടെന്നും തറവാട് വീട്ടിൽ നിൽക്കാമെന്നും അവരോട് പറഞ്ഞു.

ബിജുവും സന്ധ്യയും ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിക്കാൻ ബിജുവും സന്ധ്യവും സ്വന്തം വീട്ടിലേക്ക് പോയതാണ്. തിരിച്ചുവരാൻ പല തവണ ഫോണിൽ വിളിച്ചു പറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് വരാമെന്ന് അവർ പറഞ്ഞു.

പെട്ടെന്ന് വലിയ ശബ്ദം കേട്ടപ്പോഴാണ് ഓടി ചെന്നത്. വീടിരുന്ന സ്ഥലത്ത് മുഴുവൻ പൊടിപടലം മാത്രം. സന്ധ്യ ചേച്ചിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. ബിജു ചേട്ടന്‍റെ ശബ്ദം കേട്ടില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ പതറിപ്പോയി.

അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഞാൻ ഉറക്കെ കരഞ്ഞു. ദേശീയപാത ജീവനക്കാർ സ്ഥലത്ത് ഉണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെടാൻ പറഞ്ഞു. സന്ധ്യ ചേച്ചി കരയുമ്പോൾ ഓടി രക്ഷപ്പെടാൻ തോന്നിയില്ല. ഞാൻ 112ൽ വിളിച്ചു. അപ്പോഴേക്കും വഴിയിലെ മണ്ണിടിഞ്ഞു. ജെ.സി.ബി വരാൻ താമസമുണ്ടായി -അഞ്ജു പറഞ്ഞു.  

Tags:    
News Summary - Adimali landslide: Funeral of deceased Biju to be held this afternoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.