കൽപറ്റ: ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള കാമ്പയിൻ ലഘുലേഖ ഏറ്റു വാങ്ങുന്ന ചിത്രം രാഷ്ട്രീയ താൽപര്യങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വർക്കെതിരെ വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ല. ചൊവ്വാഴ്ച വൈകീട്ട് ബി.ജെ.പി നേതാവ് കെ. സദാനന്ദെൻറ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ കൽപറ്റയിൽ കലക്ടറുടെ ക്യാമ്പ് ഓഫിസിലെത്തി. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ലഖുലേഖ കൈമാറി. ഇതിെൻറ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെ വിമർശനങ്ങൾ ഉയർന്നു.
ലഘുലേഖ വാങ്ങുന്ന ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് കലക്ടർ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ലഘുലേഖ വാങ്ങുന്നത് തെറ്റായി പ്രചരിപ്പിച്ചവർക്കും അതിെൻറ പേരിൽ മോശം പരാമർശം നടത്തിയവർക്കുമെതിരെ പൊലീസ് സൈബർ സെല്ലിൽ ഇന്ന് പരാതി നൽകുമെന്ന് കലക്ടർ ഡോ. അദീല അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു.
കലക്ടറുടെ വിശദീകരണം:
‘ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ വയനാട് കലക്ടറുടെ ക്യാമ്പ് ഓഫിസ് സന്ദർശിക്കുകയും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിെൻറ ഫോട്ടോ ഇപ്പോൾ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരു രാഷ്ട്രീയ കാമ്പയിനായി പലരും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ ഓഫിസിൽ വരുന്നവരെ കാണുക എന്നതും അവർക്ക് പറയാനുള്ളത് കേൾക്കുകയും അപേക്ഷകളോ എഴുത്തോ ആയി നൽകുന്നത് വാങ്ങിവെക്കുക എന്നതും എെൻറ ചുമതലയുടെ ഭാഗം മാത്രമാണ്. ഇതിനെ മറ്റു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ആവശ്യപ്പെടുന്നു.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.