എല്ലാ പൊലീസുകാർക്കും ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി: എ.ഡി.ജി.പി പി.വിജയന്റെ നിർണായക നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ. എസ്.എച്ച്.ഒമാർ ഉൾപ്പെടെയുള്ള മുഴുവൻ സേനാംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നീക്കം.
സേനയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് തന്നെ എല്ലാവർക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് പോലീസ് മേധാവികൾ ഉറപ്പുവരുത്തണം. ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്. ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ കാര്യങ്ങൾ നിർവഹിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അവസരങ്ങളിൽ പോലീസുകാർക്ക് അവധി അനുവദിക്കാൻ ശ്രദ്ധിക്കണം. വളരെ അടിയന്തരവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങളിൽ മാത്രമായിരിക്കണം അവധി നിഷേധിക്കുന്നത്. മറ്റെല്ലാ സാഹചര്യങ്ങളിലും അർഹതപ്പെട്ട വാരാന്ത്യ അവധി നിഷേധിക്കരുതെന്ന് സർക്കുലറിൽ എടുത്തുപറയുന്നു. ഏറെ ആശ്വാസകരമായ ഈ ഉത്തരവിനെ വലിയ പ്രതീക്ഷയോടെയാണ് പോലീസ് സേനാംഗങ്ങൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.