എം.ഡി.എം.എ കടത്തിന് പിടിയിലായ വിദേശ വനിതകൾ


എംഡിഎംഎ നിർമിച്ച് വിപണനം നടത്തിയ രണ്ടു വിദേശ വനിതകൾ അറസ്റ്റിൽ

കണ്ണൂർ: ഡല്‍ഹി കേന്ദ്രീകരിച്ച് എം.ഡി.എം.എ നിർമിച്ച് വിപണനം നടത്തിയ രണ്ടു വിദേശ വനിതകൾ അറസ്റ്റിലായി. നൈജീരിയ സ്വദേശിനി ചിനെലോ ലിലിയന്‍ (36), കാമറൂണ്‍ സ്വദേശിനി ഫിലോമെനെ ചാന്‍സെലിന്‍ (30) എന്നിവരെയാണ് ഡല്‍ഹി ബുരാരിയില്‍നിന്ന് കണ്ണൂർ സിറ്റി പൊലീസ് സ്ക്വാഡ് പിടികൂടിയത്.

ന്യൂമാഹിയില്‍ 0.6 ഗ്രാം എം.ഡി.എം.എയുമായി രജിനാസ് എന്നയാള്‍ പിടിയിലായതാണ് ഇവരിൽ എത്തിച്ചതെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക് അറിയിച്ചു. രജിനാസിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഹരി എത്തിച്ചത് മുഹമ്മദ് സമീലാണെന്ന് വ്യക്തമായി. തുടര്‍ന്ന് സമീലിന്റെ വീട്ടില്‍നിന്നും വാഹനത്തില്‍ നിന്നുമായി 185 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തു. സമീലിന്റെ ഫോണ്‍, ബാങ്ക് രേഖകള്‍ പരിശോധിച്ചതോടെയാണ് ‘തബു’ എന്ന മുജ്തബയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍നിന്ന് തബുവിനെയും പിടികൂടി.

ഡല്‍ഹിയില്‍നിന്ന് പാര്‍സല്‍ വഴിയാണ് തബു നാട്ടിലേക്ക് ലഹരി കടത്തിയിരുന്നത്. ഈ കണ്ണിയിലൂടെ ലഭിച്ച തെളിവുകളാണ് ഡല്‍ഹിയില്‍ എം.ഡി.എം.എ നിർമിച്ചു നല്‍കിയിരുന്ന വിദേശ വനിതകളിലേക്ക് പൊലീസിനെ എത്തിച്ചതെന്ന് ഡി.ഐ.ജി പറഞ്ഞു. പ്രതികള്‍ സിം കാര്‍ഡുകള്‍ നിരന്തരം മാറ്റിയും 20ഓളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയും കോടികളുടെ ഇടപാടുകളാണ് നടത്തിയിരുന്നത്. കണ്ണൂര്‍ സിറ്റി പൊലീസിന്റെ സ്‌ക്വാഡ് അംഗങ്ങള്‍ 10 ദിവസത്തോളം ഡല്‍ഹിയില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്.

അമ്പതോളം വ്യാജ ആധാര്‍ കാര്‍ഡുകളും 15 പാന്‍ കാര്‍ഡുകളും ചെക്ക് ബുക്കുകളും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ പലവിധത്തില്‍ സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി. വിദേശത്തുനിന്ന് പാര്‍സല്‍ ആയാണ് ഇവര്‍ക്ക് മയക്കുമരുന്ന് നിര്‍മാണ സാമഗ്രികള്‍ ലഭിക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഡി.ഐ.ജി അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമീഷണര്‍ വിജയ് ഭാരത് റെഢി, തലശ്ശേരി എ.സി.പി നന്ദഗോപന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Two foreign women arrested for manufacturing and distributing MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.