സമസ്ത മുശാവറ ഇന്ന്; ഉമർ ഫൈസി വിവാദം ചർച്ച ചെയ്യും; പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിച്ചേക്കും

മലപ്പുറം: സി.പി.എം സെമിനാറിൽ ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്കിടെ, സമസ്ത മുശാവറ യോഗം ബുധനാഴ്ച കോഴിക്കോട്ട് ചേരും. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്ന് പുതിയ ജനറൽ സെക്രട്ടറിയെ യോഗത്തിൽ പ്രഖ്യാപിച്ചേക്കും. ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ സമസ്തയിലെ മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച യോഗം ചേർന്ന് സമവായത്തിലെത്തിയെന്നാണ് സൂചന. നിലവിലെ ജോയിന്റ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസ്‌ലിയാർ എന്നിവർക്കാണ് സാധ്യത.

സി.പി.എം മലപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സെമിനാറിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ യോഗം ചർച്ച ചെയ്യും. ഈ വിഷയത്തിൽ, ഉമർ ഫൈസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സമസ്തയിലെ മുസ്‍ലിം ലീഗ് പക്ഷം ശക്തമായി രംഗത്തുണ്ട്. വഖഫ് വിഷയത്തിൽ ആർ.എസ്.എസിനോട് കൂട്ടുകൂടി തരംതാഴാൻ യു.ഡി.എഫിന് ഒരു മടിയുമില്ലെന്നും വഖഫ് ബോർഡിലേക്ക് അമുസ്‍ലിം അംഗങ്ങളെ നിയമിക്കാൻ വഴിയൊരുങ്ങിയാൽ, അതുവഴി ആർ.എസ്.എസുകാർ ബോർഡിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നും, പ്രസംഗത്തിൽ വഖഫ് ബോർഡ് അംഗം കൂടിയായ ഉമർ ഫൈസി ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലായിരുന്നു ലീഗ്, കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ചുള്ള പ്രസംഗം. ഇതിനെതിരെ ലീഗ്, കോൺഗ്രസ് നേതാക്കളും സമസ്തയിലെ ലീഗ് അനുകൂലികളും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമസ്ത നേതൃത്വത്തിന് പോഷക സംഘടനകളിലെ ലീഗനുകൂലികളായ നേതാക്കൾ കത്ത് നൽകിയിട്ടുണ്ട്.

ഉമർ ഫൈസി നടത്തിയ വിവാദ പരാമർശങ്ങൾക്ക് മറുപടി പറയാൻ സമസ്തയിലെ ലീഗ് അനുകൂലികൾ മലപ്പുറത്ത് സെപ്റ്റംബർ 11ന് നടത്താൻ നിശ്ചയിച്ച സമ്മേളനം സമസ്ത നേതൃത്വം കത്ത് നൽകിയതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. വിഷയം മുശാവറ യോഗം ഗൗരവപൂർവം ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നുള്ള നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് സമ്മേളനം മാറ്റിയത്. ഉമർ ഫൈസിക്കെതിരെ സംഘടനതലത്തിൽ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ സമസ്തയിലെ ലീഗ് പക്ഷം ഉറച്ചുനിൽക്കുകയാണ്. വിഷയത്തിൽ മുശാവറ യോഗം എന്തു തീരുമാനം കൈകൊള്ളുമെന്നത് പ്രധാനമാണ്. മുശാവറയിലെ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതും ചർച്ചയാവും.

Tags:    
News Summary - Samastha Mushawara today; Umer Faizy controversy to be discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.