വന്യജീവി ആക്രമണം: നഷ്ടപരിഹാര തുകയിൽ വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ മൂലം സംഭവിക്കുന്ന മരണങ്ങൾക്കും കൃഷിനാശത്തിനും നൽകുന്ന നഷ്ടപരിഹാരത്തുക കുത്തനെ ഉയർത്താൻ തീരുമാനം. വന്യജീവി ആക്രമണം കാരണം സംഭവിക്കുന്ന മരണങ്ങൾക്ക് നിലവിൽ നൽകികൊണ്ടിരിക്കുന്ന തുകയിൽ 50 ശതമാനം വർധനവായിരിക്കും വരുത്തുക. വന്യജീവികളുടെ ശല്യം കാരണം സംഭവിക്കുന്ന കൃഷിനാശത്തിന് 100 ശതമാനം വർധനവിനാണ് നിർദേശം.

പരിഷ്കരിച്ച നഷ്ടപരിഹാരതുക സംബന്ധിച്ച ഉത്തരവ് വനംവകുപ്പ് ഉടൻ പുറത്തിറക്കും. തുക കാലാതാമസം കൂടാതെ വിതരണം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരതുക വർധനവിൽ കഴിഞ്ഞ 10 കൊല്ലത്തിന് ശേഷം വരുത്തുന്ന വലിയ വർധനവാണ് ഇതെന്ന് വനം-കൃഷി വകുപ്പുകൾ അറിയിച്ചു. വന്യജീവി ആക്രമണം മൂലം സംഭവിക്കുന്ന മരണങ്ങൾക്ക് നിലവിൽ 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. അത് 21 ലക്ഷമായി ഉയർത്തും.

കൃഷിനാശനഷ്ടത്തിന് ഇതുവരെ മരങ്ങൾക്ക് മാത്രമാണ് നൽകിയിരുന്നതെങ്കിൽ ഇനിമുതൽ അതിൽ നിന്നുള്ള വിളകൾക്കും നൽകാനാണ് തീരുമാനം. വന്യമൃഗ ആക്രമണങ്ങൾ മൂലം പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാര തുകയിലും വർധനവ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇത് പരിക്കിന്‍റെ ഗൗരവം കണക്കിലെടുത്താവും നിശ്ചയിക്കുക.

കാട്ടാന ആക്രമണങ്ങൾ, കടുവ, പുലി, കാട്ടുപന്നി, കരടി തുടങ്ങിയ ആക്രമണങ്ങളാണ് കേരളത്തിൽ പ്രധാനമായും ഇപ്പോർ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെയാണ് വൻതോതിൽ കൃഷിനാശം വന്യമൃഗങ്ങൾ കാരണം സംഭവിക്കുന്നത്. ഏറ്റവും കൂടുതൽ കുരങ്ങ് ശല്യംകാരണമാണ് ഉണ്ടാകുന്നത്. പിന്നെ കാട്ടുപന്നിയും മയിലും. തെങ്ങിൽ നിന്ന് തേങ്ങയും ഇളനീരും വ്യാപകമായി തിന്നുതീർക്കുന്നത് കുരങ്ങുകളാണ്. ഇപ്പോൾ നിലവിലുള്ള രീതി അനുസരിച്ച് ഇങ്ങനെ നഷ്ടപ്പെടുന്ന തേങ്ങക്കും ഇളനീരിനും നഷ്ടപരിഹാരത്തിന് വകുപ്പില്ല. തെങ്ങ് നഷ്ടപ്പെട്ടാൽ മത്രമെ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. എന്നാൽ പുതിയ തീരുമാന പ്രകാരം തേങ്ങക്കും ഇളനീരിനും നഷ്ടപരിഹാരം കിട്ടും. എല്ലാ കൃഷിയിനങ്ങൾക്കും ഈ വിധമാകും ഇനി നഷ്ടപരിഹാരത്തുക നൽകുക.

Tags:    
News Summary - Wildlife attack: Massive increase in compensation amount for deaths and crop damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.