ആദർശ്‌ എം, സജി, ശ്രീജൻ ഭട്ടാചാര്യ

എസ്.എഫ്.ഐക്ക് പുതിയ നേതൃത്വം: ആദര്‍ശ് എം. സജി അഖിലേന്ത്യാ പ്രസിഡന്റ്; ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ കമ്മിറ്റിയിൽ ഇരുവരും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരായയിരുന്നു. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ആദർശ് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. സി.പി.എം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ് ശ്രീജന്‍ ഭട്ടാചാര്യ. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ്‌ അംഗങ്ങളെയും കോഴിക്കോട്ട് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എസ്.കെ. ആദര്‍ശ്, ടോണി കുര്യാക്കോസ്, പി. അക്ഷര, ബിപിന്‍രാജ് പയം, പി. താജുദ്ദീന്‍, സാന്ദ്ര രവീന്ദ്രന്‍, ആര്യ പ്രസാദ്, ഇ.പി. ഗോപിക എന്നിവരാണ് കേരളത്തില്‍നിന്നുള്ള എക്‌സിക്യുട്ടീവ് അംഗങ്ങള്‍.

ജൂണ്‍ 27നാണ് കോഴിക്കോട്ട് എസ്.എഫ്‌.ഐ അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായത്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് എന്നാണ് സമ്മേളന വേദിക്ക് പേരിട്ടത്. മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും നടനും നാടക സംവിധായകനുമായ എം.കെ. റെയ്നയും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ മുൻ ദേശീയ പ്രസിഡന്റ് വി.പി. സാനു പതാക ഉയര്‍ത്തി.

മുൻ വൈസ് പ്രസിഡന്റ് നിധീഷ് നാരായണന്‍ രക്തസാക്ഷി പ്രമേയവും കേന്ദ്രകമ്മിറ്റിയംഗം ദേബാരഞ്ജന്‍ ദേവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസായിരുന്നു സംഘാടകസമിതി ചെയര്‍മാന്‍.

Tags:    
News Summary - Adarsh ​​M Saji Elected SFI National President, Sreejan Bhattacharya General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.